കോഴിക്കോട് ഫ്ലാറ്റിലെ പീഡനം: അന്വേഷണം സിനിമ-സീരിയല്‍ നടിയിലേക്കും, ലഹരി കലർത്തിയ ജ്യൂസ് നല്‍കി

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷമം ഊർജ്ജിതമാക്കി പൊലീസ്. സിനിമ-സീരിയല്‍ നടി ഉള്‍പ്പടേയുള്ളവർ പൊലീസിന്റെ നിരീക്ഷണ വലയത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഈ നടിയുടെ ഒത്താശയോടെയാണെന്നാണ് സംശയം. നടിയില്‍ നിന്നും പൊലീസ് ഇതിനോടകം തന്നെ മൊഴിയെടുത്തിട്ടുണ്ട്. ആദ്യ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി നടിയെ ഇനിയും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഫ്ലാറ്റിലെത്തിച്ച ശേഷം ലഹരി മരുന്ന് ചേർത്ത ജ്യൂസ് നല്‍കി രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നല്‍കിയ മൊഴി. കോട്ടയം സ്വദേശിനിയായ യുവതിയെ കോഴിക്കോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ സ്വദേശിനിയായ സിനിമ-സീരിയല്‍ നടിയില്‍ നിന്നും സുപ്രധാനമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തിരൂർ സ്വദേശികളായ യുവാക്കളാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലിീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിനിമ സീരിയല്‍ നടിയുമായുള്ള ബന്ധമാണ് യുവതിയെ ആദ്യം കണ്ണൂരിലേക്ക് എത്തിക്കുന്നത്. അഭിനയ മോഹമായിരുന്നു യാത്രയുടെ ലക്ഷ്യം. കോഴിക്കോട് ചെന്ന് നിർമ്മാതാവിനെ കണ്ടാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്ന് നടി യുവതിയെ അറിയിച്ചു. ഇതിന് പിന്നാലെ ഇരുവരും കോഴിക്കോട് എത്തുകയും ചെയ്തു.
കോഴിക്കോട് എത്തിയ യുവതിയെ ഈ മാസം നാലിന് കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സിനിമാ പ്രവർത്തകരെന്നു പറഞ്ഞാണ് ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടു പേർ യുവതിയെ പരിചയപ്പെട്ടത്. അവിടെ വെച്ച് ജ്യൂസ് നല്‍കി. കുടിക്കാന്‍ വിസമ്മതിച്ചതോടെ ബലം പ്രയോഗിച്ച് ജ്യൂസ് നല്‍കി. തുടർന്നായിരുന്നു പീഡനം. അതുവരെ നടി ഒപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവരെ കണ്ടില്ലെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇതോടെയാണ് പീഡനത്തിന് നടിയുടെ കൂടെ ഒത്താശയുണ്ടോയെന്ന സംശയം പൊലീസിനും ഉണ്ടായത്. ഫ്ലാറ്റിലെ സിസിടിവി അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചുകൊണ്ടാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുന്നത്. ഫ്ലാറ്റിലെ ജീവനക്കാരെ അടക്കം പൊലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും.












Click it and Unblock the Notifications