സൗദി ദേശീയ സാംസ്‌കാരികോത്സവത്തിലേക്ക് ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം
കോഴിക്കോട്: നാളെ മുതല്‍ റിയാദില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് സൗദി അറേബ്യന്‍ ദേശീയ പൈതൃക സാംസ്‌കാരികോത്സവത്തില്‍ സൗദി 'ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥിയായി പങ്കെടുക്കാന്‍ ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം. 1985 മുതല്‍ എല്ലാ വര്‍ഷവും ജനാദിരിയ്യ എന്ന പേരില്‍ നടുന്ന വരുന്ന ഈ പരിപാടിയില്‍ ഈ വര്‍ഷം 20 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
അറേബ്യയിലെ പാരമ്പര്യ കലാപ്രകടനങ്ങള്‍, സാഹിത്യ സംവാദങ്ങള്‍, സാംസ്‌കാരിക സദസ്സുകള്‍, ശാസ്ത്രമേളകള്‍, വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. സഊദി നാഷണല്‍ ഗാര്‍ഡ്, ടൂറിസം, സാംസ്‌കാരിക മന്ത്രാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍. ഉദ്ഘാടന പരിപാടിയില്‍ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് സല്‍മാനും ബന്ധപ്പെട്ട മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും വിദേശ അതിഥികളും പങ്കെടുക്കും.

ഇന്ത്യയില്‍ അറബി'ഭാഷാ പ്രചാരണത്തിനും വ്യാപനത്തിനുമായി ഡോ. ഹുസൈന്‍ മടവൂര്‍ നടത്തിവരുന്ന പ്രശസ്തസേവനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ സഊദി സര്‍ക്കാര്‍ ക്ഷണിച്ചത്. സഊദിയിലെ മക്കാ ഉമ്മുല്‍ഖുറാ സര്‍വ്വകലാശാലയില്‍ അറബി ഭാഷയില്‍ ഉന്നതപഠനം നടത്തിയ അദ്ദേഹം അലിഗറില്‍നിന്ന് ബിരുദാനന്തര ബിരുദവും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക്കോളേജില്‍നിന്ന് പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ശേഷം ഇന്തോ അറബ് ലീഗ് സെക്രട്ടറി ജനറല്‍ ആയും മലബാര്‍ ജാമിഅ ഇസ്‌ലാമിയ്യ റെക്ടര്‍ ആയും സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ഡിസംബര്‍ 18ന് ലോകത്തെങ്ങും നടക്കുന്ന അന്താരാഷ്ട്ര അറബ് ഭാഷാ ദിനം ആദ്യമായി ഇന്ത്യയില്‍ സംഘടിപ്പിച്ചത് ഹുസൈന്‍ മടവൂര്‍ ആയിരുന്നു.
മഹാത്മാഗാന്ധി സര്‍വ്വകാലാശാല, കോഴിക്കോട് സര്‍വ്വകാലാശാല തുടങ്ങിയവയില്‍ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാഡമിക്ക് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റി, അലിഗര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ കേന്ദ്രസര്‍വ്വകലാശാലകളിലെ അറബിക് റിസോര്‍സ് പേഴ്‌സണ്‍ കൂടിയാണദ്ദേഹം. റിയാദിലെ കിംഗ് അബ്ദുല്ല സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജ്, കിംഗ് ഖാലിദ് ഫൗണ്ടേഷന്‍ ഖുര്‍ആന്‍ കോണ്‍ടസ്റ്റ് പ്രോഗ്രാം എന്നിവയുടെ അഡ്‌വൈസര്‍ കൂടിയാണ്. മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ഹുസൈന്‍ മടവൂര്‍ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ ഉള്‍പ്പെടെ 16 രാഷ്ട്രങ്ങളില്‍ പ്രഭാഷണം നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ സഊദി അമ്പാസിഡര്‍ നല്‍കുന്ന യാത്രയയപ്പിന് ശേഷം ബുധനാഴ്ച റിയാദിലേക്ക് പുറപ്പെടും.












Click it and Unblock the Notifications