നാദാപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പ് കത്തി നശിച്ചു: അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്
കോഴിക്കോട്: കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് മുഴുവനായി കത്തി നശിച്ചു. നാദാപുരം മുടവന്തേരിയിലാണ് സംഭവം. ചെറിയ പെരുന്നാള്‍ മാസപ്പിറവി കണ്ടതോടെ പ്രദേശത്ത് പടക്കം പൊട്ടിക്കാന്‍ ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ പൊട്ടിച്ച പടക്കത്തില്‍ നിന്നും തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിച്ചതാണ് ജീപ്പ് പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയതെന്നുമാണ് നിഗമനം. സംഭവത്തില്‍ മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ16 പേർക്കെതിരെ പോലീസ് കേസെടുത്തു. മുഹമ്മദ് ആഷിഖ്( കണ്ടോത്ത്, മുടവന്തേരി), സജീർ ( ചട്ടന്റെവിട, മുടവന്തേരി), ആഷിഖ് ( മുച്ചിലോട്ടുമ്മൽ, മുടവന്തേരി), അജിനാസ്( കണിയാട്ടുമ്മൽ, മുടവന്തേരി), നൗഫൽ ( മുടവന്തേരി ), തുടങ്ങിയവരുൾപ്പെടെ കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, യു ഡി എഫ് കേന്ദ്രത്തിലെ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തി. ജീപ്പിൽ സ്ഫോടനം നടന്ന ആവടിമുക്ക് യു ഡി എഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണെന്നും എൽ ഡി എഫ് പ്രസ്താവനയിലൂടെ ആരോപിക്കുന്നു. എല്‍ ഡി എഫ് പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് യു ഡി എഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പിൽ ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന് മുമ്പ് നാദാപുരം പെരിങത്തൂർ എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി വ്യാപകമായി പ്രകോപനം സൃഷ്ടിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പിൽ വൻ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പലർക്കും പരിക്കു പറ്റിയതായി സൂചനയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അപലപനീയമാണ്.
ആത്മസംയമനത്തോടെ മുഴുവൻ ജനങ്ങളും സമാധാന അന്തരീക്ഷം നിലനിർത്താൻ രംഗത്തുണ്ടാകണമെന്നും എൽ ഡി എഫ് കൺവീനർ പി പി ചാത്തു ആവശ്യപ്പെടുന്നു.












Click it and Unblock the Notifications