താമരശേരി ചുരത്തിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: യാത്രക്കാർ സുരക്ഷിതർ
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. പുതുപ്പാടി കൈതപ്പൊയിലില്‍ നിന്നും മേപ്പാടിയിലേക്ക് വിവാഹത്തിന് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. വനപ്രദേശത്തെ മരത്തില്‍ തട്ടി ജീപ്പ് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചുരം ഒന്‍പതാം വളവിനു സമീപം ഞായറാഴ്ച രീവുലം പത്തരയോടെയായിരുന്നു അപകടം. കൈതപ്പൊയില്‍ നിന്നും മേപ്പാടിയിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച ജീപ്പ് എതിരെ വന്ന കെ എസ് ആര്‍ ടി സി ബസ്സിനെ വെട്ടിക്കുന്നതിനിടെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. വനപ്രദേശത്തെ വലിയ മരത്തില്‍ തട്ടി ജീപ്പ് നിന്നതിനാല്‍ ഏറെ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കാതെ രക്ഷപ്പെട്ടു.

ജീപ്പ് ഓടിച്ചിരുന്ന കൈതപ്പൊയില്‍ പുളിക്കല്‍ അബു, ഭാര്യ ഷാഹിദ, അടിവാരം കൈതക്കാടന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ക്കും ഒരു ചെറിയ കുട്ടിക്കുമാണ് പരുക്കേറ്റത്. യാത്രക്കാരും പോലീസും ചേര്‍ന്നാണ് ഇവരെ ജീപ്പില്‍ നിന്നും പുറത്തെടുത്ത് റോഡില്‍ എത്തിച്ചത്. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അബ്ദുറഹിമാന്റെ നില ഗുരുതരമാണ്.












Click it and Unblock the Notifications