കേരളത്തിലെ പ്രതിപക്ഷം യുഡിഎഫ് അല്ല; കേരളത്തില്‍ യഥാര്‍ഥത്തില്‍ ഇടതുപക്ഷം എന്നൊന്നില്ലെന്ന് കല്‍പ്പറ്റ നാരായണന്‍
കോഴിക്കോട്: കേരളത്തിലെ പ്രതിപക്ഷം യുഡിഎഫ് അല്ല, മറിച്ച് മാധ്യമങ്ങളാണെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. യുഡിഎഫ് ആണ് ഭരണത്തിലെങ്കിലും പ്രതിപക്ഷം മാധ്യമങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിനു കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പിജി ഡിപ്ലൊമ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു കല്‍പ്പറ്റ നാരായണന്‍.
കേരളത്തില്‍ യഥാര്‍ഥത്തില്‍ ഇടതുപക്ഷം എന്നൊന്നില്ല. 25,000 പേരുള്ളപ്പോള്‍ 250 പേര്‍ക്കൊപ്പം എങ്ങനെ നില്‍ക്കാന്‍ കഴിയും എന്നാണ് അവര്‍ ചിന്തിക്കുന്നത്. 250 പേരാണ് ശരിയെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണം. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ മുന്‍പില്ലാത്ത പ്രാധാന്യമാണുള്ളത്. മാധ്യമങ്ങളാണ് യഥാര്‍ഥ പ്രതിപക്ഷം എന്നതുകൊണ്ടാണത്. മാധ്യമപ്രവര്‍ത്തകര്‍ യഥാര്‍ഥ ഇടതുപക്ഷമായിരിക്കണം. പണ്ട് വി.എസിനെപ്പോലെ ചില ഒറ്റയാള്‍ ഇടതുപക്ഷക്കാരുണ്ടായിരുന്നു. ഇപ്പോള്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ മാത്രമെ രാഷ്ട്രീയത്തിലുള്ളൂ. കരിമണലിലും ദേശീയപാതയിലും ആ സ്ഥാപിതതാല്‍പ്പര്യക്കാരെ കാണാം.

ഞാന്‍, ഞങ്ങള്‍ എന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി ആദ്യമായി നമ്മള്‍ എന്നു പറഞ്ഞത് വെള്ളപ്പൊക്ക സമയത്തായിരുന്നു. വെള്ളമിറങ്ങിയതോടെ 'നമ്മള്‍' വീണ്ടും ഇല്ലാതായി. കേരളത്തില്‍ 'അതല്ലെങ്കില്‍ ഇത്' എന്ന രീതി മാത്രമേ ഇപ്പോഴുള്ളൂ. രണ്ടും എന്ന രീതിയില്ല. വെള്ളപ്പൊക്കം മനുഷ്യ നിര്‍മിതമാണ് അല്ലെങ്കില്‍ മനുഷ്യനിര്‍മിതമല്ല എന്ന രണ്ടിലൊന്നു മാത്രമാണ് ശരി എന്നു ശാഠ്യം പിടിക്കുന്നു. എന്നാല്‍, രണ്ടും കാരണമാണ് എന്ന നിലപാടിലേക്ക് കേരളം എത്തുന്നില്ലെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഐസിജെ ഡയരക്റ്റര്‍ വി.ഇ ബാലകൃഷ്ണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി വിപുല്‍ നാഥ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications