കത്വ ഫണ്ട് കേസ് കെട്ടിച്ചമച്ചതെന്ന് പോലീസ്; അന്ന് മന്ത്രി ആയുധമാക്കിയെന്ന് പികെ ഫിറോസ്
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച കത്വ ഫണ്ട് തിരിമറി കേസ് കെട്ടിച്ചമച്ചതെന്ന് പോലീസ്. ഇക്കാര്യം വ്യക്തമാക്കി പോലീസ് കുന്ദമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇങ്ങനെ ഒരു കേസ് കൊടുക്കാന്‍ പരാതിക്കാരനായ യൂസഫ് പടനിലത്തെ പ്രേരിപ്പിച്ചതെന്ന് പോലീസ് നിഗമനത്തിലെത്തി.
കശ്മീരിലെ കത്വയിലും ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലും പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ യൂത്ത് ലീഗ് പണം പിരിച്ചിരുന്നു. പ്രവര്‍ത്തകര്‍ നടത്തിയ പിരിവിന് പുറമെ പള്ളികളില്‍ ബക്കറ്റ് പിരിവും നടത്തി. ഇതില്‍ നിന്ന് 15 ലക്ഷം രൂപ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും ദേശീയ നേതാവായിരുന്ന സികെ സുബൈറും വകമാറ്റി എന്നായിരുന്നു പരാതി.

സംഘടനാ അച്ചടക്ക നടപടികളുടെ ഭാഗമായി യൂസഫ് പടനിലം മാറ്റി നിര്‍ത്തപ്പെടുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു. യൂത്ത് ലീഗ് ദേശീയ ഭാരവാഹിയായിരുന്നു യൂസഫ് പടനിലം. പരാതിക്കാരന്‍ മൊഴി നല്‍കി എന്നല്ലാതെ ആരോപണത്തിന് തെളിവൊന്നും കൈമാറിയില്ലെന്ന് കുന്ദമംഗലം പോലീസ് കോടതിയെ ബോധിപ്പിച്ചു. കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം തനിക്കെതിരെ കത്വ ഫണ്ട് കേസ് വലിയ വിഷയമാക്കിയിരുന്നുവെന്ന് പികെ ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനൂര്‍ നിയമസഭാ മണ്ഡലത്തിലാണ് പികെ ഫിറോസ് മല്‍സരിച്ചത്. മണ്ഡലത്തിലെ ഓരോ വീട്ടിലും ഇടതുപക്ഷം തനിക്കെതിരെ നോട്ടീസ് നല്‍കിയിരുന്നുവെന്നും ഇന്നത്തെ മന്ത്രി വി അബ്ദുറഹ്മാനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഫിറോസ് ആരോപിച്ചു.
അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയാണ് 2016ല്‍ വി അബ്ദുറഹ്മാന്‍ ആദ്യമായി താനൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2021ല്‍ അബ്ദുറഹ്മാനെതിരെ മുസ്ലിം ലീഗ് കളത്തിലിറക്കിയത് പികെ ഫിറോസിനെയായിരുന്നു. വാശിയേറിയ പോരാട്ടത്തില്‍ 1000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പികെ ഫിറോസ് പരാജയപ്പെട്ടത്. തന്നെ പരാജയപ്പെടുത്താന്‍ കത്വ കേസ് ദുരുപയോഗം ചെയ്തുവെന്ന് പികെ ഫിറോസ് പറഞ്ഞു.
''പ്രതികരിക്കുന്നവരെ വേട്ടയാടുക എന്നത് ഭരണകൂടം ശീലമാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാരാണെങ്കിലും പിണറായി വിജയന്‍ സര്‍ക്കാരാണെങ്കിലും ഇത്തരം നീക്കങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ സ്വരങ്ങള്‍ ഇല്ലാതാക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, മാത്യു കുഴല്‍നാടന്‍, കെഎം ഷാജി തുടങ്ങി പ്രതികരിക്കുന്നവരെയെല്ലാം വേട്ടയാടി...
അതിന്റെ ഭാഗമാണ് തനിക്കും സികെ സുബൈറിനുമെതിരെ കേസെടുത്തത്. കേസ് വ്യാജമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കാന്‍ സാധിച്ചുവെന്ന സന്തോഷത്തിലാണ് ഞങ്ങള്‍. അന്തിമ വിജയം സത്യത്തിനാകുമെന്ന് ഉറപ്പുണ്ടായിരുന്നു''- പികെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications