ആകാംക്ഷയേറ്റുന്ന പ്രഖ്യാപനം വരുദിവസങ്ങളില്‍; തിരുവമ്പാടിയില്‍ മത്സരിക്കുമെന്ന സൂചനയുമായി അപു ജോണ്‍ ജോസഫ്
തിരുവനന്തപുരം: പിജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും എന്നത് സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ നേരത്തെ നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്നായിരുന്നു കോഴിക്കോട് ജില്ലയിലെ ജോസഫ് വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മകന് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന പിജെ ജോസഫിന്റെ പ്രസ്താവന ആ വാര്‍ത്തകളുടെ വേഗം കുറച്ചു. ഇപ്പോഴിതാ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കൂടുതല്‍ വ്യക്ത വരുത്തി അപു ജോണ്‍ ജോസഫ് തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്.

അപു ജോണ്‍ ജോസഫ് പറയുന്നു
പാര്‍ട്ടി തീരുമാനം അനുസരിച്ച് മാത്രമാവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുകയെന്നാണ് അപു ജോണ്‍ ജോസഫ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ ആകാംക്ഷയേറ്റുന്ന പ്രഖ്യാപനങ്ങല്‍ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസ് ഡോഡ്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവമ്പാടി മണ്ഡലത്തില്‍
തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ഞാന്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ദില്ലിയിലെ സംയുക്ത കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് ഒരു സമ്മേളനം നടന്നിരുന്നു. അതിന്റെ ഭാഗമായി കോഴിക്കോട് എത്തിയപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യം മണ്ഡലം കമ്മറ്റി ഉയര്‍ത്തിയത്.

അപ്പനായ പിജെ ജോസഫിന്
രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ശേഷം വളർന്നുവരുന്നതാണ് അപ്പനായ പിജെ ജോസഫിന് ഇഷ്ടം. അതാണ് അദ്ദേഹം തന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സംബന്ധിച്ചും പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി നിര്‍ദേശം എന്താണോ അത് അനുസരിക്കും. തിരുവമ്പാടി സീറ്റില്‍ മുന്‍ കാലങ്ങളില്‍ യുഡിഎഫില്‍ മുസ്ലിം ലീഗ് ആണ് മത്സരിച്ചത്. അത് വിട്ടുകിട്ടുന്നത് സംബന്ധിച്ച് അവരുമായി ചര്‍ച്ചകള്‍ വേണ്ടതുണ്ട്.

സിറ്റിങ് സീറ്റായിരുന്ന പേരാമ്പ്ര
ഒരു കാലത്ത് കോഴിക്കോട് ജില്ലയില്‍ കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു പേരാമ്പ്ര. എന്നാൽ 40 വർഷം അവിടെ തുടർച്ചയായി മത്സരിച്ചിട്ടും കേരള കോൺഗ്രസ് സ്ഥാനാർഥികൾ അവിടെ വിജയിച്ചിട്ടില്ല. 1980 ല്‍ കെസി ജോസഫ് വിജയിച്ച ശേഷം ഒരു സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ നിന്നും വിജയിപ്പിക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും അപു ജോണ്‍ ജോസഫ് പറയുന്നു.

മക്കള്‍ രാഷ്ട്രീയത്തിന് എതിര്
മക്കള്‍ രാഷ്ട്രീയത്തിന് എതിരായ നയങ്ങള്‍ ഉള്ള വ്യക്തിയാണ് പിജെ ജോസഫ്. കൃത്യമായി പ്രവർത്തിച്ച് വരുന്നവർക്ക് മാത്രമെ രാഷ്ട്രീയത്തിൽ അവരുടേതായ സ്ഥാനം ഉണ്ടാകൂ. ആ നിലപാട് കൊണ്ട് തന്നെയായിരിക്കും തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അദ്ദേഹം ഒരു നിലപാട് എടുത്തത്. 2008 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കേരള കോണ്‍ഗ്രസിന് 15 സീറ്റുകള്‍
നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി അംഗമാണ്. ഇതിന് പുറമെ പാര്‍ട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമായും പ്രവർത്തിക്കുന്നുണ്ട്. പിജെ ജോസഫിനെ പോലെ ഒരു നേതാവ് കേരള കോണ്‍ഗ്രസിന് 15 സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോള്‍ അതിന് എന്ത് അര്ഹതക്കുറവാണ് ഉള്ളത്. മുഖ്യകക്ഷിയോടൊപ്പം ഘടകക്ഷികളും ചേരുന്നതണല്ലോ ഒരു മുന്നണിയെന്നും അദ്ദേഹം പറയുന്നു.

ഉത്തമ ഉദാഹരണം
കേരള കോണ്‍ഗ്രസ് മത്സരിച്ച ചില സീറ്റുകള്‍ കോണ്‍ഗ്രസ് തിരിച്ചെടുക്കുന്നതായി പ്രചാരണം ഉണ്ട്. എന്നാല്‍ മുന്നണിയില്‍ അത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ചിഹ്നവും പാര്‍ട്ടിയുടെ പേരും ഇല്ലാതെ മത്സരിച്ചതിനാല്‍ തിരിച്ചടി ഉണ്ടായി എന്ന് പറയുന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അതിന് ഉത്തമ ഉദാഹരണമാണ്.

കോട്ടയത്തെ ഇടത് നേട്ടം
പലയിടത്തും നിന്നുമായി 290 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് വിജയിച്ചു. അതും ചരിത്രത്തിൽ ആദ്യമായാണ്. ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടിയതോടെ കോട്ടയത്ത് എല്‍ഡിഎഫിന് ചെറിയ മേല്‍കൈ ഉണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ തൊടുപുഴയിൽ അടക്കം പാർട്ടിക്ക് വൻ മുന്നേറ്റം ഉണ്ടാക്കാൻ ആയി. മാത്യൂ കുഴല്നാടന് അവതരിപ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ എല്‍ഡിഎഫിനും യുഡിഎഫിനും നേരിയ വോട്ടുകളുടെ വ്യത്യാസം മാത്രമേയുള്ളു.

മധ്യതിരുവിതാംകൂർ മേഖല
ഇനിയുള്ള മാസങ്ങളില്‍ ഐക്യത്തോടെ നിന്നാല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മുന്നണിയില്‍ ഐക്യക്കുറവ് ഉണ്ടായിട്ടുണ്ട്. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോവണം. മധ്യതിരുവിതാംകൂർ മേഖലകളിൽ ഉള്ള ജോസഫ് വിഭാഗത്തിന്റെ ശക്തി അവഗണിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നിലപാട്
നിയമസഭാ തിരഞ്ഞെടുപ്പില്‍ താനും മത്സര രംഗത്ത് ഉണ്ടായേക്കുമെന്ന കൃത്യമായ സൂചന അപു ജോണ്‍ നല്‍കിയതോടെ അത് ഏത് മണ്ഡലത്തില്‍ നിന്ന് ആയിരിക്കും എന്നത് സംബന്ധിച്ചുള്ള ആഭ്യന്തര ചര്‍ച്ചകളും മുറുകിയിട്ടുണ്ട്. തിരുവമ്പാടിയില്‍ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തയ്യാറാണെങ്കിലും ലീഗ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പേരാമ്പ്ര അവര്‍ക്ക് വിട്ടുകൊടുത്ത് തിരുവമ്പാടി സ്വന്തമാക്കാനായിരിക്കും ജോസഫിന്റെ ശ്രമം. ഇതിന് കോണ്‍ഗ്രസിന്റെ കനിവ് കൂടി ആവശ്യമാണ്.