ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍ വേണ്ട; പ്രതിഷേധമുയര്‍ത്തി ദളിത് കോണ്‍ഗ്രസ്, സീറ്റ് വേണം
കോഴിക്കോട്: കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പോലും കോണ്‍ഗ്രസിന് വിജയിപ്പിക്കാന്‍ കഴിയാതെ പോയ ജില്ലയിലാണ് കോഴിക്കോട്. 2001 തിരഞ്ഞെടുപ്പിലാണ് കോഴിക്കോട് ജില്ലയില്‍ നിന്നും ഏറ്റവും അവസാനമായി കോണ്‍ഗ്രസിന് ജനപ്രതിനിധികള്‍ ഉണ്ടായത്. അതിന് ശേഷം 2006, 2011, 2016 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. വരാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തില്‍ ഈ നാണക്കേടിന് അവസാനം കുറിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അങ്ങനെയാണ് സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പേരും കോഴക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി
യൂത്ത് കോണ്‍ഗ്രസിന്‍റെ വിവിധ ഭാരവാഹിത്വവും രാഷ്ട്രീയപരമായ കേസുകളില്‍ പാര്‍ട്ടിക്ക് വേണ്ടി ജയില്‍ വാസവും അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ധര്‍മജന്‍. ഇത്തവണ സിനിമാ താരങ്ങളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യം തന്നെ ഉയര്‍ന്നു വന്ന പേര് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടേതായിരുന്നു.

വൈപ്പിന്‍ മണ്ഡലം
വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും ധര്‍മ്മജന്‍ മത്സരിച്ചേക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രാദേശിക ഘടകം എതിര്‍പ്പ് ഉയര്‍ത്തിയതോടെ സംവരണ മണ്ഡലമായ ബാലുശ്ശേരിയിലേക്ക് കോണ്‍ഗ്രസ് ധര്‍മ്മജനെ പരിഗണിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ധര്‍മ്മജന്‍ ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ ബാഗങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

ബാലുശ്ശേരി മണ്ഡലം
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ധർമ്മജൻ ബോൾഗാട്ടി വ്യക്തമാക്കിയപ്പോള്‍ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍റെ പ്രതികരണം. ഇതോടെ ധര്‍മ്മജന്‍ ബാലുശ്ശേരിയില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിരിക്കുകയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്നും ധര്‍മ്മജന്‍ പറഞ്ഞിരുന്നു.

ദളിത് കോണ്‍ഗ്രസ് പ്രതിഷേധം
എന്നാല്‍ ധര്‍മ്മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഉയര്‍ത്തുന്നത്. പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ഇത്തവണ ദളിത് കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ ജില്ലാ ഭാരവാഹികള്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് അയച്ചിരിക്കുകയാണ്.

സിനിമാ താരങ്ങള്‍ക്ക് സീറ്റ്
വിജയ പ്രതീക്ഷയുള്ള സീറ്റുകള്‍ സിനിമാ താരങ്ങള്‍ക്ക് തളികയില്‍ വെച്ച് നല്‍കുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചുമരെഴുതിയും മുദ്രാവാക്യം വിളിച്ചും കഷ്ടപ്പെടുന്ന പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുയാണ് പാര്‍ട്ടി ചെയ്യുന്നത്. സീറ്റ് ലീഗില്‍ നിന്ന് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നതിന് മുമ്പേയുള്ള നടന്‍റെ രംഗപ്രവേശനത്തിന് പിന്നില്‍ തല്‍പര കക്ഷികളാണെന്നും കത്തില്‍ പറയുന്നു.

ഭാരവാഹികളുടെ നീക്കം
ബാലുശ്ശേരി സീറ്റ് മുസ്ലിം ലീഗ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ദളിത് കോണ്‍ഗ്രസിന് തന്നെ സീറ്റ് നല്‍കണമെന്നും അല്ലാത്ത നീക്കങ്ങള്‍ ഉണ്ടായാല്‍ അത് ആത്മാര്‍ത്ഥമായി സംഘടനക്ക് വേണ്ടി നിലകൊള്ളുന്ന പ്രവര്‍ത്തകരോടുള്ള വിശ്വാസ വഞ്ചന ആയിരിക്കുമെന്നും ദലിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗവും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം ശക്തമാക്കാനാണ് സംഘടനാ ഭാരവാഹികളുടെ നീക്കം.

ഇടതുപക്ഷ മണ്ഡലം
പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. ഇവിടെ വിജയിക്കണമെങ്കില്‍ പൊതുജന സമ്മിതിയുള്ള സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന അഭിപ്രായത്തിന്‍റെ പിന്‍ബലത്തില്‍ കൂടിയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം ധര്‍മ്മജനെ ബാലുശ്ശേരിയിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞയാഴ്ച ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ധര്‍മ്മജന്‍ . കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോൺഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

1980 മുതല്‍ 2001 വരെ
1980 മുതല്‍ 2001 വരെ തുടര്‍ച്ചയായ ആറ് തവണ എസി ഷണ്‍മുഖദാസ് വിജയിച്ച മണ്ഡലമാണ് ബാലുശ്ശേരി. 2006 ല്‍ എന്‍സിപിയില്‍ നിന്നും ഷണ്‍മുഖദാസിന്‍റെ പിന്‍ഗാമിയായി എകെ ശശീന്ദ്രനും മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2011 ല്‍ സീറ്റ് സംവരണ മണ്ഡലമായതോടെ എന്‍സിപിയില്‍ നിന്നും ബാലുശ്ശേരി സിപിഎം ഏറ്റെടുത്ത് എന്‍സിപിക്ക് പകരമായി എലത്തൂര്‍ നല്‍കുയായിരുന്നു.

പുരുഷന്‍ കടലുണ്ടി
തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി പുരുഷന്‍ കടലുണ്ടി സീറ്റ് നിലനിര്‍ത്തി. 2011 ല്‍ കോണ്‍ഗ്രസിലെ എ ബലറാമിനെതിരെ 9882 വോട്ടുകള്‍ക്കായിരുന്നു പുരുഷന്‍ കടലുണ്ടിയുടെ വിജയം. 2016ല്‍ സിപിഎം വീണ്ടും പുരുഷന്‍ കടലുണ്ടിക്ക് അവസരം കൊടുത്തപ്പോള്‍ ബാലുശ്ശേരി സീറ്റ് ലീഗിന് കൊടുത്ത് കോണ്‍ഗ്രസ് കുന്ദംഗലം ഏറ്റെടുത്തു. ഇതോടെ മുസ്ലിം ലീഗിലെ യുസി രാമന്‍ പുരുഷന്‍ കടലുണ്ടിക്ക് എതിരാളിയായി വന്നു.

ആത്മവിശ്വാസം
എന്നാല്‍ 2011 നേക്കാള്‍ ലീഡ് ഉയര്‍ത്തി പുരുഷന്‍ കടലുണ്ടി വീണ്ടും മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 15464 വോട്ടായിരുന്നു യുസി രാമനെതിരെ പുരുഷന്‍ കടലുണ്ടിക്ക് ലഭിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് മൂവായിരത്തിലേക്ക് കുറഞ്ഞത് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാല്‍ സിപിഎം ഇത്തവണ പുരുഷന്‍ കടലുണ്ടിക്ക് സീറ്റ് നല്‍കിയേക്കില്ല.

സച്ചിന്‍ ദേവ് വരും
ബാലുശ്ശേരി സീറ്റ് നാദാപുരവുമായി വെച്ച് മാറാം എന്ന നിര്‍ദേശം സിപിഎം സിപിഐക്ക് മുന്നില്‍ വെച്ചിരുന്നു. സിപിഐ നേതാവായ ടിവി ബാലനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍ സീറ്റ് വെച്ച് മാറാന്‍ സിപിഐ തയ്യാറായില്ല. ഇതോടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടരിയായ സച്ചിന്‍ ദേവിന്‍റെ പേരിനാണ് സിപിഎം ബാലുശ്ശേരിയില്‍ മുന്‍തൂക്കം നല്‍കുന്നത്.












Click it and Unblock the Notifications