സ്ഥാനമുറപ്പിച്ച് ധര്‍മജന്‍; കോണ്‍ഗ്രസിന്റെ 81 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍... ഇനി എതിര്‍പ്പുകളില്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ സിനിമ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്ന് ഉറപ്പായിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെ തീര്‍പ്പാക്കായി 81 മണ്ഡലങ്ങളില്‍ ബാലുശ്ശേരിയിലും ധര്‍മജനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക തലത്തില്‍ ആദ്യം എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ദളിത് കോണ്‍ഗ്രസിനും ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ജില്ലാ നേതൃത്വം മറ്റൊരു പേരും ഇവിടേക്ക് നിര്‍ദ്ദേശിച്ചിരുന്നില്ല. വിശദാംശങ്ങള്‍...

ബാലുശ്ശേരി
ഏറെ കാലമായി ഇടത് മണ്ഡലം ആണ് ബാലുശ്ശേരി. സംവരണ മണ്ഡലം ആയതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടിയാണ് മണ്ഡലത്തില്‍ വിജയിച്ചത്. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ധര്‍മജന്‍ ബോള്‍ഗാട്ടി
തന്റെ കോണ്‍ഗ്രസ് അനുഭാവം ആദ്യമേ തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് ധര്‍മജന്‍. ആദ്യം വൈപ്പിന്‍ മണ്ഡലത്തിലായിരുന്നു ധര്‍മജനം മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ആ നീക്കത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്നീട് പിന്‍വാങ്ങുകയായിരുന്നു.

മണ്ഡലം പിടിക്കാന്‍
ബാലുശ്ശേരി മണ്ഡലം ഇത്തവണ ധര്‍മജന്‍ വഴി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതുകൊണ്ട് തന്നെ വൈപ്പിന് ശേഷം പരിഗണിക്കപ്പെട്ട മണ്ഡലവും ബാലുശ്ശേരി ആയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ധര്‍മജനെ മത്സരിപ്പിക്കുന്നത്.

സെലിബ്രിറ്റി വേണ്ട
ബാലുശ്ശേരിയില്‍ ഒരു സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വേണ്ട എന്ന നിലപാടായിരുന്നു കോഴിക്കോട് ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാട്. ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് ആവശ്യപ്പെടുന്ന പ്രമേയവും ഇവര്‍ പാസാക്കിയിരുന്നു. പ്രാദേശികമായും ധര്‍മജന് എതിരെ എതിര്‍പ്പുയര്‍ന്നിരുന്നു.

മറ്റാരുമില്ല
എന്നാല്‍ കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മജന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് വിവരം. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തില്‍ നിന്ന് മറ്റൊരു എതിര്‍പ്പും ഈ വിഷയത്തില്‍ പിന്നീട് ഉണ്ടായിട്ടും ഇല്ല.

ഹൈക്കമാന്‍ഡ് അംഗീകാരം
ജില്ലാ ഘടകം നല്‍കിയ ധര്‍മജന്റെ പേര് സംസ്ഥാന നേതൃത്വം അംഗീകരിച്ചു. പിന്നീട് സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ചതിന് ശേഷം ആണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൈമാറിയത്. ഹൈക്കമാന്‍ഡ് അംഗീകരിച്ച 81 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്‍മജന്റെ പേരും ഉണ്ട്.

പ്രവര്‍ത്തനം തുടങ്ങും
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നാലുടന്‍ തന്നെ പ്രചാരണത്തിനിറങ്ങാനാണ് ധര്‍മജന്റെ പദ്ധതി. എന്നാല്‍ പട്ടിക എന്ന് പുറത്തിറങ്ങും എന്നതില്‍ മാത്രമേ ഇപ്പോള്‍ ആശങ്കയുള്ളു. നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാലാണ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത്.

പിഷാരടി ഇറങ്ങും
ധര്‍മജന്റെ പ്രചാരണത്തിന് സുഹൃത്തും സിനിമ താരവും ആയ രമേഷ് പിഷാരടി സജീവമായി ഉണ്ടാകും. മണ്ഡലത്തില്‍ തന്നെ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്താനാണ് പിഷാരടി ഉദ്ദേശിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ് രമേഷ് പിഷാരടി.

സിനിമാക്കാരിറങ്ങും... പക്ഷേ,
ധര്‍മജന് വേണ്ടി ഇത്തവണ സിനിമ മേഖലയിലെ പല പ്രമുഖരും രംഗത്തിറങ്ങും എന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിനെ പിന്തുണയ്ക്കുന്ന ധര്‍മജന്റെ നിലപാട് മണ്ഡലത്തില്‍ നിര്‍ണായകമായേക്കും എന്നാണ് സൂചന.

സച്ചിന്‍ ദേവ്
സിപിഎം ഇത്തവണ മണ്ഡലത്തില്‍ രംഗത്തിറക്കിയിരിക്കുന്നത് യുവമുഖത്തേയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ് ആണ് സ്ഥാനാര്‍ത്ഥി. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 3,801 വോട്ടിന്റെ ലീഡ് ആണ് മണ്ഡലത്തിലുള്ളത്.












Click it and Unblock the Notifications