• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലീഗിന്‍റെ 2 സീറ്റുകളും പിടിച്ചെടുക്കുമെന്ന് സിപിഎം; സൗത്തില്‍ മുസാഫര്‍ അഹമ്മദ് വന്നേക്കും

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഏറ്റവും മികച്ച വിജയം സമ്മാനിച്ച ജില്ലകളില്‍ മുന്‍ നിരയിലാണ് കോഴിക്കോടിന്‍റെ സ്ഥാനം. ജില്ലയില്‍ ആകെയുള്ള 13 ല്‍ 11 സീറ്റുകളിലും വിജയിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. ഇത്തവണ ഇതിലും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫില്‍ ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുന്നത്. മികച്ച സ്ഥാനാര്‍ത്ഥികളെ നിലനിര്‍ത്തി കഴിഞ്ഞ തവണ നഷ്ടപ്പെട്ട രണ്ട് മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാനാണ് കോഴിക്കോട് ജില്ലയില്‍ സിപിഎം ഇത്തവണ ശ്രമിക്കുന്നത്.

ആറ് സീറ്റില്‍ വിജയം

ആറ് സീറ്റില്‍ വിജയം

കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കൊയിലാണ്ടി, പേരാമ്പ്ര, തിരുവമ്പാടി, ബാലുശ്ശേരി എന്നീ ആറ് സീറ്റുകളിലാണ് കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ സിപിഎം വിജയിച്ചത്. കുറ്റ്യാടിയിലും പാര്‍ട്ടി മത്സരിച്ചിരുന്നെങ്കിലും ലീഗ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. നാദാപുരത്ത് സിപിഐയും എലത്തൂരില്‍ എന്‍സിപിയും കൊടുവള്ളിയിലും കുന്ദമംഗലത്തും ഇടത് സ്വതന്ത്രരും വിജയിച്ചു. ഐഎന്‍എല്‍ മത്സരിച്ച കോഴിക്കോട് സൗത്തില്‍ ലീഗിനായിരുന്നു വിജയം.

പ്രദീപ് കുമാറും പുരുഷന്‍ കടലുണ്ടിയും

പ്രദീപ് കുമാറും പുരുഷന്‍ കടലുണ്ടിയും

ഇത്തവണ ഏറെ നേരത്തെ തന്നെ ഇടതുമുന്നണിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സിപിഎമ്മില്‍ നിന്നും രണ്ട് തേവണയിലേറെ മത്സരിച്ച പുരുഷന്‍ കടലുണ്ടി, എ പ്രദീപ് കുമാര്‍, ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന ജോര്‍ജ് എം തോമസ്, വികെസി മമ്മദ് കോയ എന്നിവരും സിപിഐയില്‍ നിന്നുള്ള ഇകെ വിജയനും ഇത്തവണ മാറി നിന്നേക്കും. എന്നാല്‍ വിജയ സാധ്യത കണക്കിലെടുത്ത് മാത്രമായിരിക്കും അന്തിമ തീരുമാനം

പേരാമ്പ്ര മണ്ഡലം

പേരാമ്പ്ര മണ്ഡലം

കഴിഞ്ഞ തവണ പേരാമ്പ്രയില്‍ നിന്നും വിജയിച്ച് മന്ത്രിയായ ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ഇത്തവണ മത്സരിച്ചേക്കില്ലെന്ന തരത്തിലായിരുന്നു തുടക്കത്തില്‍ വന്ന സൂചനകള്‍. എന്നാല്‍ ചര്‍ച്ചകള്‍ മുന്നേറുമ്പോല്‍ ടിപി രാമകൃഷ്ണന് മണ്ഡലത്തില്‍ ഒരു അവസരം കൂടി ലഭിക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. ടിപി രാമകൃഷ്ണന്‍ ഇല്ലെങ്കില്‍ മാത്രമാണ് മറ്റ് സ്ഥാനാര്‍ത്ഥികളെ തേടുകയുള്ളു.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ്

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ്

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന മണ്ഡലമായിരുന്നു പേരാമ്പ്ര. മുന്നണി മാറിയെത്തിയ കേരള കോണ്‍ഗ്രസ് പേരാമ്പ്ര സീറ്റ് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സീറ്റ് വിട്ടുനല്‍കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കഴിഞ്ഞ തവണ അയ്യായിരത്തില്‍ താഴെയുള്ള ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്ണന്‍ ജയിച്ചതെങ്കില്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിന് ഉണ്ട്.

രണ്ടില്‍ ഒരാള്‍ മാത്രം

രണ്ടില്‍ ഒരാള്‍ മാത്രം

ടിപി രാമകൃഷ്ണന്‍ ഇല്ലെങ്കില്‍ ഡിവൈ​എഫ്ഐ നേതാവായ എസ് കെ സജീഷ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിറ്റിക്കേന്‍ഡ് മെംബറായ കെകെ ഹനീഫ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പേരാമ്പ്രയിലേക്കും അദ്ദേഹത്തെ പരിഗണിച്ച് കൂടായ്കയില്ല. ടിപി രാമകൃഷ്ണന്‍, പി മോഹനന്‍ എന്നിവരില്‍ ഏതെങ്കിലും ഒരാള്‍ മാത്രമേ ജില്ലയില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയുള്ളു.

കോഴിക്കോട് നോര്‍ത്തും കുറ്റ്യാടിയും

കോഴിക്കോട് നോര്‍ത്തും കുറ്റ്യാടിയും

പി മോഹനന് സാധ്യതയുള്ള മണ്ഡലങ്ങളാണ് കോഴിക്കോട് നോര്‍ത്തും നാദാപുരവും കുറ്റ്യാടിയും. കോഴിക്കോട് നോര്‍ത്തില്‍ രണ്ട് തവണ മത്സരിച്ച എ പ്രദീപ് കുമാറിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ പി മോഹനന് നറുക്ക് വീഴാം. അങ്ങനെയെങ്കില്‍ എ പ്രദീപ് കുമാര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയേക്കും. എന്നാല്‍ ജനകീയ മുഖം എന്ന നിലയില്‍ പ്രദീപ് കുമാറിന് ഒരു അവസരം കൂടി നല്‍കണം എന്ന പ്രാദേശിക വികാരം ശക്തമാണ്

ലീഗിന്‍റെ കുറ്റ്യാടി

ലീഗിന്‍റെ കുറ്റ്യാടി

പി മോഹനന്‍റെ വീട് സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് കുറ്റ്യാടി. 2011 ല്‍ മോഹനന്‍റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ കെകെ ലതികയിലൂടെ വിജയിച്ച മണ്ഡലം 2016 ല്‍ ലീഗ് പിടിച്ചിരുന്നു. പാറക്കല്‍ അബ്ദുള്ളയായിരുന്നു 1157 വോട്ടുകള്‍ക്ക് കെകെ ലതികയെ പരാജയപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 2437 വോട്ടിന്‍റെ ഭൂരിപക്ഷം ഇടതുമുന്നണിക്കുണ്ട്.

നാദാപുരം മണ്ഡലം

നാദാപുരം മണ്ഡലം

ജില്ലാ സെക്രട്ടറിക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് കുറ്റ്യാടിക്ക് തൊട്ടരികില്‍ സ്ഥിതി ചെയ്യുന്ന നാദാപുരമാണ്. എന്നാല്‍ സിപിഐയുടെ സീറ്റാണ് നാദാപുരം എന്നതാണ് പ്രശ്നം. നാദാപുരവും ബാലുശ്ശേരിയും തമ്മില്‍ വെച്ചുമാറാം എന്ന നിര്‍ദേശം സിപിഐക്ക് മുന്നില്‍ സിപിഎം വെച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് സിപിഐ തയ്യാറാവുമോ എന്ന കാര്യം വ്യക്തമല്ല. മത്സരിക്കാന്‍ സിപിഐ തന്നെ തീരുമാനിച്ചാല്‍ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരി, എഐവൈഎഫ് നേതാവ് പി ഗവാസ് എന്നിവര്‍ക്കാണ് സാധ്യത.

ബാലുശ്ശേരി മണ്ഡലം

ബാലുശ്ശേരി മണ്ഡലം

ബാലുശ്ശേരിയില്‍ നിന്നും കഴിഞ്ഞ രണ്ട് തവണ വിജയിച്ച പുരുഷന്‍ കടലുണ്ടി ഇത്തവണ മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സംവരണ മണ്ഡലമായ ബാലുശ്ശേരി സിപിഐ ഏറ്റെടുത്താല്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ തലത്തില്‍ തന്നെ മികച്ച നേതാവ് ഉണ്ടെന്നാണ് സിപിഎം അഭിപ്രായപ്പെടുന്നത്. വെച്ച് മാറ്റം നടന്നില്ലെങ്കില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിന് സിപിഎം സീറ്റ് നല്‍കിയേക്കും.

കൊയിലാണ്ടി മണ്ഡലം

കൊയിലാണ്ടി മണ്ഡലം

കൊയിലാണ്ടിയില്‍ കെ ദാസന്‍ രണ്ട് തവണ മത്സരിച്ച് വിജയിച്ചെങ്കിലും കോണ്‍ഗ്രസ് സ്വാധീനം ശക്തമായ മണ്ഡലത്തില്‍ അദ്ദേഹത്തിന് തന്നെ വീണ്ടും സീറ്റ് നല്‍കാനാണ് സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പില്‍ 3071 വോട്ടിന്‍റെ മേല്‍ക്കൈ മാത്രമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉള്ളത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉണ്ട്. .

ബേപ്പൂര്‍ മണ്ഡലം

ബേപ്പൂര്‍ മണ്ഡലം

ബേപ്പൂരില്‍ നിന്ന് വികെസി മമ്മദ് കോയയും മാറാന്‍ സാധ്യത കൂടുതലാണ്. മമ്മദ് കോയയെ മാറ്റി ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായ മുഹമ്മദ് റിയാസിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. മുന്നണിക്ക് ഏറെ വിജയ പ്രതീക്ഷയുള്ള മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തിന് മുകളില്‍ ലീഡ് നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.

കോഴിക്കോട് സൗത്ത്

കോഴിക്കോട് സൗത്ത്

കഴിഞ്ഞ തവണ ഐഎന്‍എല്‍ മത്സരിച്ച് തോറ്റ കോഴിക്കോട് സൗത്ത് സീറ്റ് ഏറ്റെുടുക്കാനാണ് സിപിഎം നീക്കം. കഴിഞ്ഞ തവണ ആറായിരത്തിലേറെ വോട്ടിന് എംകെ മുനീര്‍ ഇത്തവണ സുരക്ഷ മണ്ഡലമായ കൊടുവള്ളിയിലേക്ക് മാറാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ സിപിഎമ്മിന് ഉണ്ട്.

സിപി മുസാഫര്‍ അഹമ്മദ്

സിപി മുസാഫര്‍ അഹമ്മദ്

കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായ സിപി മുസാഫര്‍ അഹമ്മദിനെ ഇവിടെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് മണ്ഡലത്തില്‍ 9370 വോട്ടുകളുടെ ലീഡ് നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ഇത് വലിയ അനുകൂല ഘടകമായാണ് പാര്‍ട്ടി കാണുന്നത്. 2011 ല്‍ മുനീറിനെതിരെ മത്സരിച്ച ചരിത്രം മുസാഫര്‍ അഹമ്മദിനുണ്ട്. അന്ന് 1376 വോട്ടുകള്‍ക്കായിരുന്നു ലീഗ് വിജയം.

എലത്തൂര്‍ മണ്ഡലം

എലത്തൂര്‍ മണ്ഡലം

ഉറച്ച കോട്ടയായ എലത്തൂര്‍ ഏറ്റെടുക്കണമെന്ന ആലോചന നേരത്തെ മുതല്‍ സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാല്‍ പാലാ സീറ്റ് തര്‍ക്കത്തില്‍ മാണി സി കാപ്പനും കൂട്ടരും മുന്നണി വിടാനുള്ള സാഹചര്യം ശക്തമാണ്. എന്നാല്‍ എലത്തൂര്‍ അംഗവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ എല്‍ഡിഎഫിന് ഒപ്പം ഉറച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുത്ത് അദ്ദേഹത്തെ പിണക്കേണ്ടെന്നാണ് പൊതുനിലപാട്.

വടകരയില്‍ എല്‍ജെഡി

വടകരയില്‍ എല്‍ജെഡി

തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാണ് നീക്കം. സീറ്റ് പാര്‍ട്ടിക്കാണെങ്കില്‍ തിരുവമ്പാടി മണ്ഡലം നിലനിര്‍ത്താന്‍ കോഴിക്കോട് മേയര്‍ ഡോ ബീന ഫിലിപ്പിനെ സിപിഎം പരിഗണിക്കുന്നതായി സൂചനയുണ്ട്. കുന്ദമംഗലത്ത് പിടിഎ റഹീമും കൊടുവള്ളിയില്‍ കാരാട്ട് റസാഖും വീണ്ടും മത്സരിച്ചേത്തും. വടകരയില്‍ ജെഡിഎസും എല്‍ജെഡിയും അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും സീറ്റ് എല്‍ജെഡിക്ക് ലഭിച്ചേക്കും.

Kozhikode

English summary
kerala assembly election 2021; Kozhikode South Musafar Ahamed may be the CPM candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X