കോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണം
കോഴിക്കോട്: ഇത്തവണ യുഡിഎഫിലെ സീറ്റ് വിഭജചന ചര്‍ച്ചകള്‍ ആരംഭിക്കുന്നിന് മുമ്പ് തന്നെ അധിക സീറ്റെന്ന ആവശ്യം യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ കക്ഷികള്‍ മുന്നണി വിട്ട് പോയ സാഹചര്യത്തില്‍ മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ അവശേഷിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അധിക സീറ്റെന്ന ആവശ്യം ലീഗ് ശക്തമാക്കിയത്. അധികമായി ആറ് സീറ്റുകള്‍ എന്നതായിരുന്നു മുസ്ലിം ലീഗിന്റെ ലക്ഷ്യം. എന്നാല്‍ നിരന്തരം നടത്തിയ ചര്‍ച്ചകളിലൂടെ ഇത് മൂന്നിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ അധികമായി കിട്ടുന്ന സീറ്റുകള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞം, ചിത്രങ്ങള്‍ കാണാം

കുന്ദമംഗലവും ബാലുശ്ശേരിയും
കഴിഞ്ഞ തവണ യുഡിഎഫില്‍ 24 സീറ്റില്‍ മത്സരിച്ച ലീഗിന് ഇത്തവണ മൂന്ന് സീറ്റുകള്‍ കൂടി അധികം നല്‍കാനായിരുന്നു യുഡിഎഫ് തീരുമാനം. ബേപ്പൂർ, കൂത്ത്പറമ്പ്, ചേലക്കര എന്നീ സീറ്റുകളായിരുന്നു മുസ്ലിം ലീഗിന് അധികമായി നല്‍കാനിരുന്നത്. ഇതിന് പുറമെ കൊല്ലം ജില്ലയിലെ പുനലൂരും ചടയമംഗലവും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലവും ബാലുശ്ശേരിയും തമ്മില്‍ വെച്ചുമാറാനും ആദ്യവട്ട ചര്‍ച്ചയില്‍ ധാരണായിരുന്നു.

ബേപ്പൂരിന് പകരം പേരാമ്പ്ര
എന്നാല്‍ അധികമായി ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ചില മാറ്റങ്ങളാണ് ഇന്നലത്തെ ചര്‍ച്ചയില്‍ ലീഗ് ആവശ്യപ്പെട്ടത്. ബേപ്പൂരിന് പകരം കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, ചേലക്കരയ്ക്ക് പകരം പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നതാണ് അവരുടെ ആവശ്യം. ആദ്യം നിര്‍ദേശിച്ച കൂത്തുപറമ്പ് സീറ്റ് ഏറ്റെടുത്ത് മത്സരമത്തിന് തയ്യാറാണെന്നും ലീഗ് നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. സീറ്റ് ധാരണ പൂര്‍ത്തിയായെന്ന് ധാരണയില്‍ നില്‍ക്കേയാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ചു കൊണ്ട് സീറ്റുകളുടെ കാര്യത്തില്‍ ലീഗ് വീണ്ടും പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ചേലക്കര വേണ്ട
ചേലക്കര സീറ്റ് മുസ്ലിം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ശക്തമായ വികാരം ഉയര്‍ന്ന് വന്നിരുന്നു. സംവരണ മണ്ഡലം ലീഗിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചേലക്കര മണ്ഡലം കമ്മറ്റി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളി രാമചന്ദ്രനും പ്രമേയം അയച്ചുകൊടുക്കുകയും ചെയ്തു.

കോണ്‍ഗ്രസിലെ എതിര്‍പ്പ്
ചേലക്കരയില്‍ സിപിഎമ്മിനെതിരെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വിജയ സാധ്യതയില്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്. മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ചേലക്കര ഏറ്റെടുത്ത് ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനായിരുന്നു ലീഗിന്റെ നീക്കം. എന്നാല്‍ വിജയ സാധ്യത ഇല്ലാത്ത മണ്ഡലം ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ശക്തമായിരുന്നു.

ചേലക്കരയില്ലെങ്കില്‍ പട്ടാമ്പി
ഇതോടെയാണ് ചേലക്കരയ്ക്ക് പകരം പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്ന ആവശ്യം ലീഗ് ഉയര്‍ത്തിയത്. നേരത്തെ തന്നെ ലീഗ് നോട്ടമിട്ട സീറ്റുകളില്‍ ഒന്നായിരുന്നു പട്ടാമ്പി. മുസ്ലിം ലീഗ് മത്സരിച്ചാല്‍ ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ മണ്ഡലത്തില്‍ മുന്‍ എംഎല്‍എ ആയ സിപി മുഹമ്മദിനെ വീണ്ടും മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

ബേപ്പൂരം പേരാമ്പ്രയും
ബേപ്പൂരിനേക്കാള്‍ വിജയ സാധ്യത എന്ന നിലയിലാണ് പേരാമ്പ്ര ചോദിക്കുന്നത്. പേരാമ്പ്ര കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റായിരുന്നതിനാല്‍ വെച്ച് മാറുന്നതിന് ബുദ്ധിമുട്ട് ഇല്ലല്ലയോന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പാര്‍ട്ടിക്ക് മത്സരിക്കാന്‍ കിട്ടുന്ന അവസരം കളഞ്ഞ് കുളിക്കാന്‍ അനുവദിക്കരുതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കെഎം അഭിജിത്, എംപി നിയാസ് എന്നിവരുടെ പേരാണ് ഇവിടെ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

കുന്ദമംഗലം കിട്ടണം
കൂത്തുപറമ്പിന്റെ കാര്യത്തില്‍ മറ്റ് തര്‍ക്കങ്ങള്‍ ഇല്ല. എന്നാല്‍ കോഴിക്കോട് ജില്ലയിൽ വിട്ടുനൽകുന്ന ബാലുശേരിക്ക് പകരം കുന്ദമംഗലം സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഇരുമുന്നണികളും പരസ്പരം വെച്ച് മാറിയ സീറ്റാണ് ബാലുശ്ശേരിയും കുന്ദമംഗലവും. അതിനാല്‍ തന്നെ ബാലുശ്ശേരി കോണ്‍ഗ്രസ് തിരിച്ചെടുക്കുമ്പോള്‍ കുന്ദമംഗലം സ്വാഭാവികമായും വിട്ടുനല്കേണ്ടെതാണെന്നാണ് ലീഗ് വാദം.

തിരുവമ്പാടി സിപി ജോണിനോ
തിരുവമ്പാടി സീറ്റ് ലീഗില്‍ നിന്ന് ഏറ്റെടുത്ത് സിപി ജോണിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലും ലീഗ് നേതാക്കള്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. ചടയമംഗലവും പുനലൂരും വെച്ച് മാറുന്നതിലെ തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന അഭിപ്രായവും ലീഗിനുണ്ട്. കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസും ചടയമംഗലത്ത് പരസ്യമായ എതിര്‍പ്പുകള്‍ ഉന്നയിച്ചതില്‍ ലീഗിന് അതൃപ്തിയുണ്ട്.

വേഗത്തില്‍ പ്രഖ്യാപനം
യുഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ അതിവേഗം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് ലീഗ് ശ്രമിക്കുന്നത്. സിപിഎമ്മും കോൺഗ്രസും സ്ഥാനാർഥി ചർച്ചകളിൽ ഏറെ മുന്നോട്ടു പോയതിനാൽ ജില്ലയിലെ ലീഗ് സ്ഥാനാർഥികളെ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. എന്നാല്‍ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് സ്ഥനാര്‍ത്ഥി പ്രഖ്യാപനം വേഗത്തില്‍ പൂര്‍ത്തിയാവുമെന്നാണ് കണക്ക് കൂട്ടല്‍.

പെരിന്തല്‍മണ്ണയില്‍
മലപ്പുറം ജില്ലയില്‍ ലീഗ് മത്സരിക്കുന്ന 12 സീറ്റില്‍ 5 സിറ്റിങ് എംഎല്‍എമാര്‍ തുടര്‍ന്നേക്കും. ഒരു എംഎൽഎ മണ്ഡലം മാറിയേക്കും. ബാക്കി ആറിടത്താണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടത്. ഇതില്‍ സാധ്യതാ പട്ടികയിൽ രണ്ടിലേറെ പേരുകൾ ഉള്ള മണ്ഡലങ്ങള്‍ കുറവാണ് എന്നതാണ് ആശ്വാസം. പെരിന്തല്‍മണ്ണയില്‍ നിന്നും മഞ്ഞളാംകുളി ഇത്തവണ മങ്കടയിലേക്ക് മാറാനാണ് സാധ്യത.

തിരൂരങ്ങാടിയും വേങ്ങരയും
പി.കെ.അബ്ദുറബ്ബിനു പകരം തിരൂരങ്ങാടിയിൽ ലീഗ് മറ്റൊരു നേതാവിനെ ഇറക്കിയേക്കും. പിഎംഎ സലാമിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മണ്ണാര്‍ക്കാട് നിന്നും എന്‍ ഷംസുദ്ദീനോ വള്ളിക്കുന്ന് നിന്ന് പി അബ്ദുള്‍ ഹമീദോ ഇവിടേക്ക് വരാനും സാധ്യതയുണ്ട്. വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും. മലപ്പുറത്ത് ആര് എന്നതില്‍ അഭ്യൂഹം നിലനില്‍ക്കുകയാണ്. മറ്റ് പേരുകള്‍ ഉയര്‍ന്ന് വന്നില്ലെങ്കില്‍ പി ഉബൈദുള്ള തുടരും.
ബിപാഷ ബസു അവധി ആഘോഷത്തില്‍; മാലദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍