മത്സരത്തിന് വിദ്യാര്‍ത്ഥി നേതാക്കളും; സച്ചിന് ദേവും അഭിജിത്തും കോഴിക്കോട് നിന്ന് മത്സരിച്ചേക്കും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന ആവശ്യം യുവജന സംഘടനകള്‍ അതത് മുന്നണികളോട് ആവശ്യപ്പെട്ട് കഴിഞ്ഞു. എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും തങ്ങളുടെ പ്രതിനിധികള്‍ക്ക് ഇത്തവണ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എസ്എഫ്ഐയില്‍ നിന്നും സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ്, കെ എസ് യുവില്‍ നിന്നും അവരുടെ സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് എന്നിവരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. രണ്ട് പേരും മത്സരിക്കാന്‍ എത്തുകയാണെങ്കില്‍ അതൊരു അപൂര്‍വ നേട്ടത്തിന് കൂടി അവസരം ഒരുക്കും.

മീഞ്ചന്തയിലെ വിദ്യാര്‍ത്ഥി യൂണിയന്
കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്നവരാണ് സച്ചിന് ദേവും കെഎം അഭിജിത്തും. ഇരുവരുടേയും നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ച് ആവാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. അതും കോഴിക്കോട് ജില്ലയില്‍ നിന്ന് തന്നെ. 2011-14 ല്‍ മീഞ്ചന്ത കോളേജില്‍ ഡിഗ്രിക്ക് പഠിച്ചവരാണ് സച്ചിന് ദേവും അഭിജിത്തും.

യൂണിയന് ചെയര്മാന്
അവസാന വര്‍ഷത്തെ കോളേജ് യൂണിയനില്‍ സച്ചിന് ദേവ് ചെയര്‍മാനായപ്പോള്‍ അഭിജിത്ത് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറുമായിരുന്നു. അതേ വര്‍ഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ യൂണിയന് ചെയര്‍മാനുമായിരുന്നു അഭിജിത്. ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുമാണ് കെഎം സച്ചിന് ദേവിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ബാലുശ്ശേരി മാറിയില്ലെങ്കില്‍
സംവരണ മണ്ഡലമായ ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ കാലങ്ങളായി മത്സരിക്കുന്ന നാദാപുരം വിട്ട് നല്കാന് സിപിഐ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ബാലുശ്ശേരി മണ്ഡലത്തിലേക്ക് സിപിഎം പുതിയ സ്ഥാനാര്‍ത്ഥികളെ തേടുന്നത്.

പുരുഷന് കടലുണ്ടി
കഴിഞ്ഞ രണ്ട് തവണയായി പുരുഷന് കടലുണ്ടി വിജയിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ല. അങ്ങനെയെങ്കില്‍ സച്ചിന് ദേവിനാണ് പ്രഥമ പരിഗണന. 2016 ലെ മുസ്ലിം ലീഗിലെ യുസി രാമനെതിരെ 15464 വോട്ടിനായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി പുരുഷന് കടലുണ്ടി ബാലുശ്ശേരിയില്‍ വിജയിച്ചത്. 1980 മുതല്‍ എസി ഷണ്മുഖദാസ് വിജയിച്ച് വരുന്ന മണ്ഡലത്തില്‍ 2006 ല്‍ എകെ ശശീന്ദ്രനും വിജയിച്ചു.

എലത്തൂരിന് പകരം
2011 സീറ്റ് സംവരണ മണ്ഡലമായതോടെയാണ് ബാലുശ്ശേരി ഏറ്റെടുത്ത് എലത്തൂര്‍ സിപിഎം എന്‍സിപിക്ക് കൈമാറിയത്. തുടര്‍ന്നുള്ള രണ്ട് തവണയും മികച്ച ഭൂരിപക്ഷത്തില്‍ സിപിഎമ്മിന് മണ്ഡലത്തില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് തന്നെയായിരുന്നു മേല്‍ക്കൈ.

അഭിജിത് നോര്‍ത്തിലേക്ക്
സിപിഎമ്മിലെ എ പ്രദീപ് കുമാര്‍ തുടര്‍ച്ചയായി മുന്ന് വട്ടം വിജയിച്ച കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലേക്കാണ് കെഎം അഭിജിത്തിനെ പരിഗണിക്കുന്നത്. വിദ്യാര്‍ത്ഥി നേതാവിനെ രംഗത്ത് ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ 13361 വോട്ടിന് എല്‍ഡിഎഫിന് ലീഡ് ഉള്ള മണ്ഡലമാണ് നോര്‍ത്ത്

പേരാമ്പ്ര മണ്ഡലത്തിലേക്കും
പേരാമ്പ്ര മണ്ഡലത്തിലേക്കും കെഎം അഭിജിത്തിന്റെ പേര് പരിഗണിക്കുന്നുണ്ട്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ച് തോറ്റിരുന്ന മണ്ഡലമാണ് പേരാമ്പ്ര. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ ജോസഫ് സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മുസ്ലിം ലീഗും സീറ്റിനായി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ