5 ജില്ലയില്‍ കോണ്‍ഗ്രസിന് 4 സീറ്റ് മാത്രം: ഇത്തവണ ലക്ഷ്യം 15 ലേറെ, പുറമെ ലീഗ് സീറ്റും
കോഴിക്കോട്: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം ഒഴികെയുള്ള മലബാര്‍ മേഖലയിലെ ജില്ലയിലെല്ലാം വലിയ മുന്നേറ്റമായിരുന്നു എല്‍ഡിഎഫ് കാഴ്ചവെച്ചത്. ഇത്തവണ മലപ്പുറത്ത് കൂടി കടന്ന് കയറി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാന്‍ കഴിയുമെന്നും പല ഇടത് കേന്ദ്രങ്ങളിലും അട്ടിമറിയുണ്ടാവുമെന്നാണ് യുഡിഎഫ് തിരിച്ചടിക്കുന്നത്. മഞ്ചേശ്വരം ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷയുമായി ബിജെപിയും കളം നിറഞ്ഞതോടെ മലബാര്‍ മേഖലയില്‍ പല മണ്ഡലങ്ങളിലും മത്സരം ഫലം പ്രവചനാതീതമായി മാറിയിരിക്കുകയാണ്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കാസര്‍കോട് മുതല്‍ മലപ്പുറം വരെ
കാസര്‍കോട് മുതല്‍ മലപ്പുറം വരേയുള്ള അഞ്ച് ജില്ലകളിലായി 48 സീറ്റുകളാണ് ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ 28 ഉം ഇടതുമുന്നണിക്കൊപ്പമായിരുന്നു നിന്നത്. യുഡിഎഫിന് ലഭിച്ച 20 സീറ്റുകളില്‍ സിംഹഭാഗവും മുസ്ലീം ലീഗിന്റേതായിരുന്നു. കേവലം നാല് സീറ്റുകളായിരുന്നു ഈ അഞ്ച് ജില്ലകളില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ആകെ സമ്പാദ്യം.

തിരിച്ച് വരാന്‍ യുഡിഎഫ്
എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും മേഖലയില്‍ തിരിച്ച് വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. തുടക്കത്തില്‍ താളപ്പിഴകള്‍ ഉണ്ടായെങ്കിലും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ഇടതിനൊപ്പം പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥികള്‍ കൂടി രംഗത്ത് ഇറങ്ങിയിതിനാല് പല മണ്ഡലങ്ങളിലും അട്ടിമറി പ്രതീക്ഷയും യുഡിഎഫിനുണ്ട്.

മലപ്പുറത്ത്
അതേസമയം, കഴിഞ്ഞ തവണ യുഡിഎഫിന് ഒപ്പം നിന്ന മലപ്പുറത്ത് അവരും ഇടതുമുന്നണിയില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിടുന്നുണ്ട്. 16 മണ്ഡലങ്ങളുള്ള മലപ്പുറത്ത് പത്തോളം മണ്ഡലങ്ങളില്‍ ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. ലീഗിന്റെ കൈവശമുള്ള മങ്കടയിലും പെരിന്തല്‍മണ്ണയിലും തിരൂരിലും തിരൂരങ്ങാടിയിലും അട്ടിമറിയുണ്ടാവുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ അവകാശവാദം.

സിറ്റിങ് സീറ്റില്‍
ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകളായ തവനൂര്‍, താനൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഇടതുമുന്നണിയും വലിയ മത്സരം നേരിടുന്നു. കഴിഞ്ഞതവണ മൂന്നില്‍ രണ്ട് മണ്ഡലങ്ങലും എല്‍ഡിഎഫിനൊപ്പം നിന്ന വയനാട് ജില്ലയില്‍ ഇത്തവണ മത്സരം പ്രവചനാതീതമാണ്. കോണ്‍ഗ്രസില്‍ നിന്നുള്ള എംഎസ് വിശ്വനാഥനെ അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥിയാക്കിയതോടെ ബത്തേരിയിലും ഇത്തവണ എല്‍ഡിഎഫ് വിജയം പ്രതീക്ഷിക്കുന്നു.

വയനാട്ടില്‍
എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും മുന്നണിയിലേക്ക് വന്നതും ജില്ലയില്‍ യുഡിഎഫ് അനുകൂല ഘടകമായി കാണുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭ മണ്ഡലം എന്ന നിലയില്‍ വയനാട്ടിലെ പോരാട്ടം കോണ്‍ഗ്രസിന് അഭിമാന വിഷയമാണ്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ പ്രചരണം നടത്തിയതിലൂടെ ഉണ്ടാക്കിയ ഓളം മൂന്ന് മണ്ഡലത്തിലും വിജയം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ കേവലം രണ്ടെണ്ണം മാത്രമായിരുന്നു യുഡിഎഫിനൊപ്പം നിന്നത്. കോണ്‍ഗ്രസിനാവട്ടെ കഴിഞ്ഞ ഇരുപത് വര്‍ഷമായി ജില്ലയില്‍ നിന്നും ഒരു എംഎല്‍എ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ അവസ്ഥയില്‍ നിന്നും ഇത്തവണ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.

വടകര, കൊടുവള്ളി, കുന്ദമംഗലം
ഇടത് സിറ്റിങ് സീറ്റുകളായ വടകര, കൊടുവള്ളി, കുന്ദമംഗലം, കൊയിലാണ്ടി, തിരുവമ്പാടി മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്നത്. മറുവശത്ത് ആവട്ടെ യുഡിഎഫിന്റെ കൈവശമുള്ള കോഴിക്കോട് സൗത്തും കുറ്റ്യാടിയും പിടിച്ചെടുത്ത് ആധിപത്യം സമ്പൂര്ണ്ണമാക്കാനാണ് ഇടത് പദ്ധതി. കോഴിക്കോട് നോര്ത്തിലാവട്ടെ ശക്തമായ ത്രികോണ മത്സരവും നടക്കുന്നു.

കണ്ണൂരില്‍
കണ്ണൂരില്‍ ഇടതുമുന്നണിയും യുഡിഎഫും അട്ടിമറി പ്രതീക്ഷിക്കുന്നു. അഴീക്കോടും പേരാവൂരും പിടിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. കണ്ണൂര്‍ തിരികെ പിടിക്കാനാണ് യുഡിഎഫ് നേക്കം. ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരിയിലും മത്സരം പ്രവചനാതീതമാണ്. ഇവിടുത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കാസര്‍കോട് ജില്ലയിലും
കാസര്‍കോട് ജില്ലയിലും മത്സരം പ്രവചനാതീതമാണ്. സിറ്റിങ് സീറ്റായ ഉദുമയിലും തൃക്കരിപ്പൂരിലും യുഡിഎഫ് ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയും യുഡിഎഫും തമ്മില്‍ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ഇവിടെ അട്ടിമറിയുണ്ടാവുമെന്നാണ് ഇടതുകേന്ദ്രങ്ങളും അവകാശപ്പെടുന്നത്.