ഇബ്രാഹിം കുട്ടിക്കെതിരെ പ്രതിഷേധം കടുത്തു; പുനഃരാലോചന ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പേരാമ്പ്രയിലെ ലീഗ്
കോഴിക്കോട്: ഇത്തവണ അധികമായി ലഭിച്ച പേരാമ്പ്ര സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം. കഴിഞ്ഞ ദിവസം 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പാണക്കാട് ഹൈദരി തങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രഖ്യാപനം മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പേരാമ്പ്ര. പ്രവാസി വ്യവസായിയായ സിഎച്ച് ഇബ്രായിക്കുട്ടിയെ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ നീക്കത്തിനെതിരെ വലിയ എതിര്‍പ്പാണ് മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നത്. പ്രതിഷേധം മറികടന്ന് സിഎച്ച് ഇബ്രായിക്കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചാല്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഉള്‍പ്പടേയുള്ള കടുത്ത നടപടി കളിലേക്ക് പോവാനാണ് നീക്കം. ഇന്ന് പേരാമ്പ്രയില്‍ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലും ഇത്തരമൊരു നീക്കം ചര്‍ച്ചാ വിഷയമായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജി വെയ്ക്കുമെന്ന് മുന്നറിയിപ്പ്
അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ മണ്ഡലം കമ്മറ്റിയും മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ ഭാരവാഹികളും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെക്രട്ടറിമാരും രാജിവെച്ച് ഒഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാദേശിക നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയില്ല. സിഎച്ച് ഇബ്രാഹീം കുട്ടിക്ക് യാതൊരു ബന്ധമില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നു.

പാണക്കാട്ടെത്തി പ്രതിഷേധം അറിയിച്ചു
ഇടതുപക്ഷ സഹയാത്രികനായ ഇയാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്റെ വിജയത്തിനായാണ് സ്ഥാനാര്‍ത്ഥിയാവുന്നതെന്ന കടുത്ത ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തില്‍ നിന്നുള്ള നേതാക്കള്‍ പാണക്കാട്ട് നേരിട്ടെത്തി പ്രതിഷേധം അറിയിച്ചിരുന്നു.

മുസ്ലീം ലീഗ് മാറ്റിവെച്ചത്
ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് അവസാന നിമിഷം പേരാമ്പ്രയിലെ പ്രഖ്യാപനം മുസ്ലിം ലീഗ് മാറ്റിവെച്ചത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ നേതൃത്വം പുനഃരാലോചന നടത്തിയേക്കുമെന്നാണ് പ്രതീക്ഷ. സീറ്റ് പാര്‍ട്ടിക്ക് ലഭിക്കുകയാണെങ്കില്‍ പരിഗണിക്കാനായി മണ്ഡലം കമ്മറ്റി മേല്‍ഘടങ്ങള്‍ക്ക് നല്‍കിയ പട്ടികയില്‍ ഒരിടത്തും ഇബ്രാഹീം കുട്ടിയുടെ പേരുണ്ടായിരുന്നില്ല.

നൽകിയ പേരുകൾ
സിപിഎ. അസീസ്, സി.ടി. ഇസ്മയില്‍, മിസ്ഹബ് കീഴരിയൂര്‍, എ.വി. അബ്ദുള്ളഹാജി തുടങ്ങിയവരുടെ പേരുകളായിരുന്നു മണ്ഡലം കമ്മറ്റികള്‍ നല്‍കിയത്. ഈ പേരുകള്‍ തള്ളിക്കൊണ്ടാണ് ഇബ്രാഹീം കുട്ടിയെ പരിഗണിക്കാനുള്ള നീക്കം ഉണ്ടായത്. അതേസമയം സീറ്റ് ലീഗിന് നല്‍കിയതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

വിമത കൂട്ടായ്മ
സീറ്റ് ലീഗിന് വിട്ട് കൊടുത്തതില്‍ പ്രതിഷേധിച്ച് വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിട്ടവരുടെ കൂട്ടായ്മ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ച് ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് വിമത കൂട്ടായ്മ അറിയിച്ചത്.

ആശങ്ക
മുസ്ലിം ലീഗ് പേരാമ്പ്ര സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല. പിന്നെന്തിനാണ് കൊടുത്തതെന്നും ഇവര്‍ ചോദിക്കുന്നു. യുഡിഎഫില്‍ സ്ഥിരമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് പേരാമ്പ്രാണ്. ഇവര്‍ എല്‍ഡിഎഫിലേക്ക് പോയ ഒഴിവിലാണ് സീറ്റ് മുസ്ലിം ലീഗിന് നല്‍കിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം വിജയ സാധ്യതകളെ പോലും ബാധിക്കുമെന്ന ആശങ്കയിലാണ് മണ്ഡലം.












Click it and Unblock the Notifications