കേരളോത്സവം പഞ്ചഗുസ്തിക്കിടെ ഗുരുതര പരിക്ക്: ഒടുവില്‍ ദിയ അഷ്റഫിന് സർക്കാർ വക നഷ്ടപരിഹാരം
കോഴിക്കോട്: കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിനിടെ കൈമുട്ടിന് പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസമായി തദ്ദേശ അദാലത്ത്. ദിയയ്ക്ക് ചികിത്സ ചെലവുകള്‍ അനുവദിക്കുന്നതിന് പുറമെ അധിക ധനസഹായമായി രണ്ട് ലക്ഷം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോഴിക്കോട് നടന്ന തദ്ദേശ അദാലത്തില്‍ മന്ത്രിക്ക് മുന്നില്‍ അര്‍ഹമായ ധനസഹായം നല്‍കണമെന്ന അപേക്ഷയുമായി മാതാവിനൊപ്പം എത്തിയതായിരുന്നു കുന്ദമംഗലം വരിക്കോളി മീത്തല്‍ ദിയ അഷ്‌റഫ്. ഇവരുടെ അപേക്ഷ പരിശോധിച്ച മന്ത്രി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി നേരിട്ടും, പഞ്ചായത്ത് പ്രസിഡന്റുമായും വൈസ് പ്രസിഡന്റുമായും ഫോണിലും സംസാരിച്ചു.

ദിയയുടെ കൈമുട്ടിന്റെ ചികിത്സാചെലവുകളുടെ ബില്ലുകള്‍ ഹാജരാക്കുന്ന മുറക്ക് ചെലവായ തുകയും അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാനുമുള്ള നിര്‍ദേശമാണ് മന്ത്രി നല്‍കിയത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 2022 ല്‍ സംഘടിപ്പിച്ച കേരളോത്സവം പരിപാടിക്കിടെയായിരുന്നു ദിയയുടെ വലത് കൈ മുട്ടിന് പരുക്കേറ്റത്. കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സര്‍ജറിക്ക് ഉള്‍പ്പടെ വിധേയമായിരുന്നു. ജില്ലാ, സംസ്ഥാന തലങ്ങളില്‍ മത്സരിച്ച കായികതാരവും എന്‍സിസി കേഡറ്റും ആയിരുന്നു ദിയ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മത്സരം നടത്തിയത് എന്നായിരുന്നു ദിയയുടെ പരാതി. ഈ പരാതിയിലാണ് ചികിത്സാ ചെലവിനൊപ്പം അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ കൂടി സഹായം അനുവദിച്ച മന്ത്രിക്കും വകുപ്പിനും നന്ദി പറഞ്ഞാണ് ദിയ അഷ്‌റഫ് അദാലത്തില്‍ നിന്ന് മടങ്ങിയത്.
അദാലത്തിന് തുടക്കമായി
തദ്ദേശ സ്ഥാപനങ്ങള്‍ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്തിന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ തുടക്കമായി.
നേരത്തേ ഓണ്‍ലൈന്‍ വഴി ലഭിച്ച 690 പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുസൗകര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. 373 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ബില്‍ഡിംഗ് പെര്‍മിറ്റ് - 174, ആസ്തി മാനേജ്മെന്റ്- 26, നികുതികള്‍- 24, വിവിധ സേവന ലൈസന്‍സുകള്‍- 21, പദ്ധതി നിര്‍വഹണം- 19, ഗുണഭോക്തൃപദ്ധതികള്‍- 15, സ്ഥാപനങ്ങളിലെയും മറ്റും സൗകര്യങ്ങളുടെ കാര്യക്ഷമത- 12, മാലിന്യ സംസ്‌ക്കരണം- 12, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 11, സിവില്‍ രജിസ്ട്രേഷന്‍- 3 എന്നിങ്ങനെയാണ് അദാലത്തില്‍ പരിഗണിക്കുന്ന മറ്റു പരാതികള്‍.
ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ആറ് പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തില്‍ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇവരുടെ പരാതിയില്‍ 15 ദിവസങ്ങള്‍ക്കകം തീര്‍പ്പ് കല്‍പ്പിച്ച് പരാതിക്കാരനെ അറിയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications