വന്യജീവി ആക്രമണം: കൊല്ലപ്പെട്ട കർഷകന്റെ മക്കളോട് അനീതി; നല്‍കിയത് താല്‍ക്കാലിക ജോലി, 3 മാസമായി ശമ്പളവുമില്ല
കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കക്കയത്തെ കർഷകന്‍ പാലാട്ടിയില്‍ അബ്രഹാമിന്റെ മക്കള്‍ക്ക് ശമ്പളമില്ല. മാർച്ച് അഞ്ചിന് തന്റെ കൃഷിയിടത്തില്‍ വെച്ചായിരുന്നു അബ്രഹാം കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും നടന്നിരുന്നു.
പ്രതിഷേധത്തിനിടെയാണ് കുടുംബത്തെ ആശ്വസിപ്പിക്കാനായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും സ്ഥലം എംഎല്‍എ സച്ചിന്‍ ദേവും അബ്രഹാമിന്റെ വീട് സന്ദർശിക്കുന്നത്. നഷ്ട്പരിഹാരത്തിന് പുറമെ അബ്രഹാമിന്റെ രണ്ട് മക്കള്‍ക്കും വനംവകുപ്പില്‍ ജോലി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അബ്രഹാമിന്റെ മക്കളായ ജോബിഷും ജോമോനും ഏപ്രില്‍ ഒന്നുമുതല്‍ കക്കയം ഫോറസ്റ്റ് സെക്ഷനില്‍ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. താല്‍ക്കാലിക വാച്ചർ ജോലിയാണ് ഇരുവർക്കും ലഭിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഇരുവർക്കും ശമ്പളം ലഭിച്ചില്ല. വേതനം ലഭിക്കാത്തത് സാമ്പത്തിക പ്രയാസങ്ങളിലേക്കും നയിക്കുന്നു.
ജോബിഷിനും ജോമോനും മാത്രമല്ല പെരുവണ്ണാമൂഴി റെയിഞ്ചിന് കീഴിലെ താല്‍ക്കാലിക ജീവനക്കാരില്‍ ആർക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ഏത് നിമിഷവും വിളി വരുന്ന ജോലിയാണ് വാച്ചർമാരുടേത്. അതുകൊണ്ട് തന്നെ മറ്റ് ജോലികള്‍ക്കും ഇവർക്ക് പോകാന്‍ സാധിക്കില്ല. കൃത്യമായ ജോലി സമയം എന്നതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. മഴയത്തും വെയിലത്തും രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യേണ്ടി വരികയും ചെയ്യും. മാവോയിസ്റ്റ് ഭീഷണി നേരിടുള്ള വനമേഖല കൂടിയാണ് ഇത്.
പെരുവണ്ണാമൂഴി റെയിഞ്ച് ഓഫീസിന് കീഴിലായി പെരുവണ്ണാമൂഴി, കക്കയം എന്നീ രണ്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസുകളാണുള്ളത്. ഇവിടങ്ങളിലായി പതിനാറോളം വാച്ചർമാർ ജോലിയെടുക്കുന്നുണ്ട്. ഒരു മാസം മുഴുവന്‍ ജോലി ചെയ്താലും 850 മുതല്‍ 900 രൂപ നിരക്കില്‍ ഇരുപത് ദിവസത്തെ ശമ്പളമാണ് താല്‍ക്കാലിക ജോലിക്കാർ ആയതിനാല്‍ ലഭിക്കുകയുള്ളു. മാസം 26 ദിവസത്തെ കൂലി അനുവദിച്ച് തരണമെന്നത് ഇവരുടെ ദീർഘകാലമായുള്ള ആവശ്യമാണ്.
സമാനമായ രീതിയില്‍ നേരത്തേയും ശമ്പളം മുടങ്ങിയിട്ടുണ്ടെന്നാണ് വാച്ചർമാരില്‍ ഒരാള്‍ വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്. 'ഇത് ആദ്യമായല്ല ഇത്തരത്തില്‍ ശമ്പളം മുടങ്ങുന്നത്. നേരത്തേയും മാസങ്ങളോളം ശമ്പളം മുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് മുടങ്ങിയ ശമ്പളം ഒരുമിച്ച് ലഭിച്ചു. അതുപോലെ ഇപ്പോഴത്തെ ശമ്പളവും ഉടന്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ' ജീവനക്കാർ പറയുന്നു.
കർഷകന്റെ കുടുംബത്തോട് സർക്കാർ കാണിച്ചത് അനീതിയാണെന്ന് വിഫാം ഫാർമേഴ്സ് ഫൌണ്ടേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അഭിഭാഷകനുമായ സുമിന്‍ എസ് നെടുങ്ങാടന്‍ വ്യക്തമാക്കുന്നത്. "കർഷകന്റെ കുടുംബത്തോട് സർക്കാർ കാണിച്ചത് അനീതിയെന്നാണ്. കർഷകന്റ മക്കള്‍ക്ക് സ്ഥിരം ജോലി നല്‍കുന്നതിന് പകരം താല്‍ക്കാലിക ജോലിയാണ് നല്‍കിയത്. അവർക്ക് ഇതുവരെ ശമ്പളവും നല്‍കിയിട്ടില്ല. ഇത് അനീതിയാണ്. സർക്കാർ ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ ആവശ്യമായ നടപടികള്‍ എടുക്കണം" സുമിന്‍ എസ് നെടുങ്ങാടന്‍ വണ്‍ഇന്ത്യ മലയാളത്തോടത്തായി വ്യക്തമാക്കി.












Click it and Unblock the Notifications