മതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കരുതെന്ന് പ്രൊഫ ടിജെ ജോസഫ്
കോഴിക്കോട്: ചെറു പ്രായത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്ന് പ്രൊഫ് ടിജെ ജോസഫ്. മതവിഭ്യാഭ്യാസത്തിനും 18 വയസ്സ് തികയണം എന്ന നിബന്ധയുണ്ടായിരിക്കണമെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മതവിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നും ജോസഫ് അഭിപ്രായപ്പെട്ടു. ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ഇസ്ലാമിക മതമൗലിക വാദികള്‍ ജോസഫിന്റെ കൈവെട്ടി മാറ്റിയിരുന്നു. കേരളക്കരയാകെ ഞെട്ടിയ സംഭവമായിരുന്നു അത്. എന്നാല്‍ 2010ല്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായ സമയത്തേക്കാള്‍ മോശമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ചൂണ്ടിക്കാട്ടി.

അന്ന് കേരളത്തില്‍ ഒന്നോ രണ്ടോ സംഘടനകള്‍ മാത്രമാണ്, പ്രത്യക്ഷമായി വര്‍ഗീയതയും മത മൗലികവാദവും പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് ദൗര്‍ഭാഗ്യവശാല്‍ ഒരുപാട് സംഘടനകളുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു റാലിയില്‍ ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യങ്ങളാണ് കേരളം ചര്‍ച്ചചെയ്യുന്നത്. ആ കുട്ടിക്ക് ഇതൊക്കെ പറയാനുള്ള ഊര്‍ജം എവിടെനിന്ന് കിട്ടി, എന്ന് ഓര്‍ക്കണം. ഒരു 12 വയസ്സുകാരന് ഇതൊക്കെ തനിയെ പറയാനും കഴിയും. പക്ഷേ ചെറുപ്പത്തിലേ മതം മസ്തിഷ്‌കത്തിലേക്ക് അതിശക്തമായി കടത്തിവിടുന്നതാണ് പ്രശ്നം. ഒരു പാരമ്പര്യം എന്ന നിലയില്‍ മതം പഠിപ്പിച്ചോട്ടെ. പക്ഷേ വിശദമായ പഠനം കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ട് മതി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണമെന്ന് ജോസഫ് പറഞ്ഞു.
മതപാഠശാലകള്‍ക്കായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സര്‍ക്കാര്‍ ചെലവിടുന്നത് നിര്‍ത്തണം. നമ്മുടെ വിദ്യാഭ്യാസം പുര്‍ണ്ണമായും മതേതരമാവണം. തന്റെ ഭാര്യ സലോമിയുടെ മരണം ഒരു മത പ്രചോദിത കുറ്റകൃത്യമാണെന്ന് വേണമെങ്കില്‍ കണക്കാക്കാമെന്ന് ജോസഫ് പറഞ്ഞു. അറബ്യേയില്‍ ഉണ്ടായ മതത്തിന്റെ ശിക്ഷയും, ജനിച്ചുവളര്‍ന്ന മതത്തിന്റെ ശിക്ഷയും, സ്റ്റേറ്റിന്റെ ശിക്ഷയും ഒരുമിച്ച് ഏറ്റവുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ഞാന്‍. മുഹമ്മദ് എന്ന പേര് ഒരു ചോദ്യത്തില്‍ ചേര്‍ക്കുമ്പോള്‍ ഞാന്‍ സ്വപ്നത്തില്‍പോലും അത് പ്രവാചകന്റെ പേരായി ചിത്രീകരിക്കപ്പെടും എന്ന് ഓര്‍ത്തില്ലെന്നും ജോസഫ് പറയുന്നു.
ഞാന്‍ ജനിച്ച മതവും സഭയും എന്നെ വീണ്ടും ശിക്ഷിക്കയാണ് ഉണ്ടായത്. എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതോടെ കുടുംബത്തിന്റെ ഏക വരുമാനം നിന്നു. അങ്ങനെ ഒക്കെയുണ്ടായ ഡിപ്രഷനെ തുടര്‍ന്നാണ് ഭാര്യ ജീവനൊടുക്കിയത്. അതുപോലെ എനിക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയാണ്, സ്റ്റേറ്റ് ചെയ്തത്. എന്നാല്‍ കോടതി അതെല്ലാം തള്ളിക്കളഞ്ഞെന്നും ജോസഫ് ചൂണ്ടിക്കാട്ടി. അതേസമയം ചടങ്ങില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലുമുണ്ടായിരുന്നു. സന്യാസമഠങ്ങളില്‍ സ്ത്രീക്ക് യാതൊരു വ്യക്തിത്വമില്ലെന്നും മറിച്ച് ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ സഭക്ക് പുറത്താവുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications