സ്വാതന്ത്ര്യ ദിനാഘോഷം; തിരുവനന്തപുരത്ത് മുഖ്യമന്ത്രി പതാക ഉയർത്തും, കോഴിക്കോട് എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15 രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും.
പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം ഉണ്ടായിരിക്കും.

കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനായിരിക്കും ദേശീയപതാക ഉയർത്തും. രാവിലെ 8.58 ന് വേദിയിൽ എത്തുന്ന മന്ത്രിയെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, കോഴിക്കോട് റൂറൽ എസ്പി എന്നിവരും ചേർന്ന് സ്വീകരിക്കും. ഒൻപതിന് മന്ത്രി ദേശീയപതാക ഉയർത്തും.
പോലീസ്, വനിതാ പോലീസ്, എൻ സി സി ആർമി, എൻ സി സി സീനിയർ ഗേൾസ്, എൻ സി സി സീനിയർ ബോയ്സ്, എൻ സി സി സീനിയർ നേവി, എൻ സി സി ജൂനിയർ നേവി, എൻ സി സി ജൂനിയർ ഗേൾസ്, എൻ സി സി ജൂനിയർ ബോയ്സ് എന്നീ 11 പ്ലറ്റൂണുകളുടെ പരേഡ് ഉണ്ടാകും.
എക്സൈസ്, അഗ്നിശമന സേന, അഗ്നിശമന സേന സിവിൽ ഡിഫെൻസ്, വനം, സ്കൗട്ട്സ്, ഗേൾസ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ്, എസ്പിസി, കേന്ദ്രീയ വിദ്യാലയം എന്നിവരുടെ സംഘങ്ങളും പരേഡിൽ അണിനിരക്കും.
ആംഡ് റിസർവ് പോലീസ് (സിറ്റി), ആംഡ് റിസർവ് പോലീസ് (റൂറൽ), ലോക്കൽ പോലീസ്/സിറ്റി ട്രാഫിക്, വനിതാ പോലീസ് എന്നിവരുടെ ഓരോ പ്ലറ്റൂൺ വീതമാണ് ഉണ്ടാവുക. പരേഡ് കമാൻഡർ മന്ത്രിയ്ക്ക് റിപ്പോർട്ട് ചെയ്തശേഷം മന്ത്രി പരേഡ് പരിശോധിക്കും. വിദ്യാർത്ഥികളുടെ സംസ്കാരിക പരിപാടികളും ഉണ്ടാകും.












Click it and Unblock the Notifications