ഷുഹൈബിനെ യുഡിഎഫ് പിന്തുണയ്ക്കില്ല; കാരണമുണ്ടെന്ന് നേതൃത്വം, സിപിഎം വിമതനും വരുമ്പോള്‍ വിജയം ഉറപ്പ്
കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് അലന്റെ പിതാവ് ഷുഹൈബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമായിരുന്നു ലഭിച്ചത്. സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷുഹൈബ് ആര്‍എംപി ടിക്കറ്റിലായിരുന്നു കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നും മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചത്. കോര്‍പ്പറേഷന്റെ അറുപത്തിയൊന്നാം വാര്‍ഡായ വലിയങ്ങാടിയില്‍ നിന്ന് മത്സിരിക്കുന്ന ഷുഹൈബിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയേക്കും എന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍.

തന്റെ സ്ഥാനാര്‍ത്ഥിത്വം
ഇടതുപക്ഷത്തിന്റെ ജീര്‍ണതക്കെതിരായ പ്രതിഷേധമായിട്ടാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നായിരുന്നു ഷുഹൈബ് വ്യക്തമാക്കിയിരുന്നത്. പൊലീസിന്റെ കരിനിയമത്തിനെതിരെയാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു പ്രഖ്യാപനത്തിന് ശേഷം ആര്‍എംപി നേതാവ് വേണുവും ഷുഹൈബും അഭിപ്രായപ്പെട്ടത്.

അനുകൂല സൂചന
ഇതിന് പിന്നാലെ യുഡിഎഫ് ക്യാംമ്പുകളില്‍ നിന്നും അനുകൂല സൂചനകളും ഉണ്ടായിരുന്നു. ഷുഹൈബിനെ പിന്തുണയ്ക്കുന്നത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയുണ്ടാക്കുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. വലിയങ്ങാടി ഡിവിഷനിലെ 61ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഷുഹൈബിനെ പിന്തുണയ്ക്കാനായിരുന്നു നീക്കം.

കോണ്‍ഗ്രസ് നേതാക്കള്‍
കഴിഞ്ഞ തവണ യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ എല്‍ജെഡി മത്സരിച്ച് വിജയിച്ച സീറ്റാണ് വലിയങ്ങാടി. എല്‍ജെഡി മുന്നണി വിട്ടപ്പോള്‍ തന്നെ ഈ സീറ്റ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയെ 517 വോട്ടുകള്‍ക്കായിരുന്നു 2015 ല്‍ യുഡിഎഫ് തോല്‍പ്പിച്ചത്.

ഷുഹൈബ് മത്സരിക്കുമ്പോള്‍
ഷുഹൈബ് മത്സരിക്കുമ്പോള്‍ യുഡിഎഫ് പിന്തുണ കൂടി ഉറപ്പായാല്‍ എളുപ്പത്തില്‍ വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് ആര്‍എംപി ക്യാംപ്. എല്‍ജെഡിയുടെ അഡ്വ. തോമസ് മാത്യുവിനെയാണ് ഇത്തവണ ഇടതുപക്ഷം ഇവിടെ മത്സരിക്കാന്‍ രംഗത്ത് ഇറക്കിയിരിക്കുന്നത്. അതേസമയം യുഡിഎഫിന്റെ സീറ്റിങ് സീറ്റായ വലിയങ്ങാടിയില്‍ ആര്‍എംപിക്ക് പിന്തുണ നല്കുന്നതില് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.

സിപിഎം വിമതന്
ഇതിന് പുറമേ സിപിഐഎമ്മിന് വിമത സ്ഥാനാര്‍ത്ഥിയും മത്സരിക്കുന്നുണ്ട്. കെഎ നാസറാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഹമ്മദ് ഷുഹൈബിനും വിമതസ്ഥാനാര്ത്ഥിക്കും ഇടയില്‍ ഇടത് വോട്ടുകള്‍ വോട്ട് ഭിന്നിച്ച് പോകുമ്പോള്‍ തങ്ങളുടെ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇത്തരത്തില്‍ വിജയം ഉറപ്പുള്ള ഒരു വാര്‍ഡ് കോര്‍പ്പറേഷനില്‍ ആര്‍എംപിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നും നിലപാടിലേക്ക് യുഡിഎഫ് നേതൃത്വം എത്തുകയായിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം
ഷുഹൈബിന് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ആര്‍എംപി യുഡിഎഫുമായി നേരത്തെ ചര്‍ച്ചകളൊന്നും നടത്തിയിരുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം യുഡിഎഫിന്റെ പിന്തുണ തേടുക മാത്രമാണ് ഉണ്ടായത്. ഇതും ഔദ്യോഗികമായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് മുഹമ്മദ് ഷുഹൈബിന് പിന്തുണക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. എസ് കെ അബൂബക്കറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ഒഞ്ചിയം മേഖലയില്‍
അതേസമയം, ജില്ലയിലെ ഒഞ്ചിയം മേഖലയില്‍ യുഡിഎഫും ആര്എംപിയം ചേര്‍ന്നുള്ള ജനകീയ മുന്നണിയില്‍ സീറ്റ് ധാരണയായി. ഒഞ്ചിയം, അഴിയൂർ, ഏറാമല, ചോറോട് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പുറമെ വടകര ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് ഇരുപക്ഷവും തമ്മിലുള്ള ധാരണം. ജനകീയ മുന്നണി എന്ന പേരിൽ യുഡിഎഫും ആർഎംപിയും മത്സരിക്കുന്നത്.

നാല് പഞ്ചായത്തുകളിൽ
നാല് പഞ്ചായത്തുകളിൽ ആർഎംപി 24 വാർഡുകളില്‍, കോണ്‍ഗ്രസ് 25 , മുസ്ലിം ലീഗ് 23 ഇടത്തും മത്സരിക്കുമെന്നുമാണ് ധാരണ. മൂന്നിടത്ത് സ്വതന്ത്രൻമാര്ക്കും പിന്തുണ നല്‍കും. ഒഞ്ചിയം പഞ്ചായത്തിലെ ആകെയുള്ള 17 വാര്‍ഡുകളില്‍ ഒമ്പതിടത്തും ആര്‍എംപിഐ മത്സരിക്കും. ആര്‍എംപി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന പഞ്ചായത്തും ഇതാണ്.

ജനകീയ മുന്നണി
എല്ലായിടത്തും യുഡിഎഫും ആര്‍എംപിയും പരസ്പരം മത്സരിക്കാത്ത വിധമാണ് ജനകീയ മുന്നണിയുടെ ധാരണ. കഴിഞ്ഞ തവണ രണ്ട് പഞ്ചായത്തുകളില്‍ ചില സീറ്റുകളില്‍ പരസ്പരധാരണയോടെ മത്സരിച്ചെങ്കിലും മറ്റ് ചില സീറ്റുകളില്‍ ഇരുപക്ഷവും മത്സരിച്ചിരുന്നു. ഇത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുന്നുവെന്ന വിലയിരുത്തലിലായിരുന്നു ഇത്തവണ പരസ്പരമുള്ള മത്സരം ഒഴിവാക്കിയത്.