നാദാപുരത്ത് തട്ടിക്കൊണ്ട് പോയ പ്രവാസി വ്യവസായിയെ മോചിപ്പിച്ചു
നാദാപുരം; കോഴിക്കോട് നാദാപുരത്ത് മോചന ദ്രവ്യം ആവശ്യപ്പെട്ട് കാറിലെത്തിയ സംഘം നാദാപുരം തൂണേരിയില്‍ നിന്ന് തട്ടിക്കൊണ്ട്പോയ പ്രവാസി വ്യവസായിയെ മോചിപ്പിച്ചു. വൈകിട്ട് എട്ട് മണിയോടെയാണ് 53കാരനായ തൂണേരി മുടവന്തേരി സ്വദേശി മേക്കരതാഴെകുനി എംടികെ അഹമ്മദിനെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘം വാടകക്കെടുത്ത കാറില്‍ തൂണേരിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് കാറിലെത്തിയ സംഘം അഹമ്മദിനെ തട്ടിക്കൊണ്ടു പോയത്.പള്ളിയില്‍ നമസ്കാരത്തിന് പോകവെ സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വെളുത്ത കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു.
അഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ട് പോയതായി അറിയുന്നത്. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ട് പോകുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്. ഇതുവരെ ആരാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമായിട്ടില്ല.