രാത്രി അടുക്കളയിലെത്തിയ കുട്ടി പാമ്പിനെ കണ്ട് ഞെട്ടി: കുറ്റ്യാടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ വീടിന്റെ അടുക്കളയിൽനിന്ന് രാജവെമ്പാലയെ പിടികൂടി. അടുക്കത്ത് താമസിക്കുന്ന അരീക്കര ഹമിദിന്റെ വീട്ടിൽ നിന്നുമാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലെ കുട്ടി അടുക്കളയിലേക്ക് ചെന്നപ്പോള്‍ പാമ്പിനെ കാണുകയായിരുന്നു. ഭയപ്പെട്ട് പോയ കുട്ടി ഉടന്‍ തന്നെ വിവരം മറ്റുള്ളവരേയും അറിയിച്ചു.

രാജവെമ്പാലയാണെന്ന് വീട്ടുകാർക്ക് ആദ്യം മനസ്സിലായിരുന്നില്ല. നാട്ടിൽ പാമ്പു പിടിക്കുന്നവരെ വിവരം അറിയിച്ച് അവരെത്തി നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്ന് മനസ്സിലായത്. തുടർന്ന് ഇവർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പാമ്പ് അടുക്കളയിൽ കൂടി ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വാച്ചർ ടി കെ വി ഫൈസലാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പെരുവണ്ണാമുഴിയിലേക്ക് കൊണ്ടുപോയി. ഇവിടെ സ്ഥിതി ചെയ്യുന്ന വന്യജീവി പരിപാലന കേന്ദ്രത്തിലേക്കാണ് പാമ്പിനെ മാറ്റിയിരിക്കുന്നത്. നേരത്തേയും സമീപ പ്രദേശങ്ങളില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.












Click it and Unblock the Notifications