'ലൗ ജിഹാദ് അല്ല', സമുദായ സംഘടനകള്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് ഷിജിനും ജ്യോത്സ്നയും
കോഴിക്കോട്: ലൗ ജിഹാദ് ആരോപണം തള്ളി മിശ്രവിവാഹിതരായ ഷിജിനും ജ്യോത്സനയും. സമുദായ സംഘടനകള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ഇരുവരും പ്രതികരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമാണ് ഷജിന്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഷജിനും കോടഞ്ചേരി സ്വദേശിനിയുമായ ജ്യോത്സന ജോസഫും ഒളിച്ചോടി വിവാഹിതരായത്. ജ്യോത്സ്‌നയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചിരിക്കുകയായിരുന്നു.
സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജ്യോത്സ്‌ന വിവാഹ നിശ്ചയത്തിനായി നാട്ടില്‍ എത്തിയതായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടില്‍ നിന്ന് പുറത്ത് പോയ യുവതി തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് പിതാവ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. തുടര്‍ന്ന് ജ്യോത്സനയും ഷജിനും കോടതിയില്‍ ഹാജരായി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന് ജ്യോത്സ്‌ന വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ഇവരെ വിട്ടയച്ചു.

തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്ന ആരോപണം ഷജിനും ജ്യോത്സ്‌നയും നിഷേധിച്ചു. പല സംഘടനകളുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം പാര്‍ട്ടിയെ അറിയിക്കാത്തത് തനിക്ക് പറ്റിയ വീഴ്ച ആണെന്ന് ഷജിന്‍ പ്രതികരിച്ചു. വിവാദത്തില്‍ ലൗ ജിഹാദ് ആരോപണം ഉയര്‍ത്തി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസ് വിവാദത്തിലായിരിക്കുകയാണ്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുളള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ട് എന്നും സിപിഎം നേതാവ് ആരോപിച്ചു.
ജോർജ് എം തോമസിന്റെ ലൗ ജിഹാദ് ആരോപണം ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. '' ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ തയ്യാറായ ശ്രീ. ജോർജ്ജ് എം തോമസിന് ഇനി എത്ര നാൾ പാർട്ടിയിൽ തുടരാനാവുമെന്ന് കണ്ടറിയണം. ഒന്നുകിൽ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും,അല്ലെങ്കിൽ പാർട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയിൽ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്'' എന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ജോർജ് എം തോമസിന് എതിരെ കോൺഗ്രസ് നേതാവ് വിടി ബൽറാം രംഗത്ത് വന്നിട്ടുണ്ട്. ബൽറാമിന്റെ പ്രതികരണം: '' കേരളത്തിൽ "ലൗ ജിഹാദ്" എന്ന സംഘ് പരിവാർ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ മുൻ സിപിഎം എംഎൽഎ ജോർജ് എം തോമസ്. രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാർ വാട്ട്സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സിപിഎം എംഎൽഎ ലിന്റോ ജോസഫ്. ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?''












Click it and Unblock the Notifications