ബന്ധു നിയമനം: പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോവാം, ജലീലിന് മുസ്ലിംകള്‍ക്കിടയില്‍ അംഗീകാരമെന്ന് കോടിയേരി
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനെജറായി നിയമിച്ച സംഭവത്തില്‍ നിയമലംഘനം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപി ജയരാജന്റെ കേസില്‍ ഹൈക്കോടതിവിധി വെച്ചുകൊണ്ടുതന്നെ ഇതിനകത്ത് യാതൊരു അപാകതയും ഇല്ല. പാര്‍ട്ടിക്ക് ജലീലിനെ സംരക്ഷിക്കേണ്ട പ്രശ്‌നമില്ല. അദ്ദേഹം കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല.
അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു പ്രതിഛായയുണ്ട്. മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ട്. അതില്‍ മുസ്ലിം ലീഗിനുള്ള അസൂയയാണ് ആരോപണത്തിന് പിന്നില്‍. രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണിത്. വസ്തുതാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇടപെടാന്‍ കഴിയൂവെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധാ്യമങ്ങളോടു പറഞ്ഞു. കെ.എം ഷാജി വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് മുസ്ലിം ലീഗ് തയ്യാറാവണം. പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ അവര്‍ സ്വീകരിച്ചുവരുന്ന രീതിയാണിത്. അത് ഉപേക്ഷിക്കാന്‍ ഇപ്പോഴത്ത കോടതിവിധി അവരെ പ്രേരിപ്പിക്കണം.

ശബരിമലയില്‍ ബിജെപി നടത്തുന്ന രഥയാത്ര കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല. മുന്‍പ് അയോധ്യാ സംഭവത്തില്‍ ഉത്തരേന്ത്യയില്‍ ഉണ്ടാക്കിയ പോലൊരു കലാപം ഇവിടെ നടക്കില്ല. അത്ര വേരുറച്ചതാണ് ഇവിടത്തെ മതേതര സംവിധാനം. ശ്രീധരന്‍പിള്ളയ്‌ക്കൊപ്പം കോണ്‍ഗ്രസും ഒരു വഴിക്ക് ജാഥ നടത്തുന്നുണ്ട്. അവരുടെ ലക്ഷ്യം ഒന്നുതന്നെയാണെന്ന് ജനങ്ങള്‍ക്കറിയാം. ഇടതു സര്‍ക്കാരിനെ അസ്ഥിരവത്കരിക്കുക എന്നതു മാത്രമാണ് ഉദ്ദേശ്യം.
മഹാരാഷ്ട്രയില്‍ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് കോടതി പ്രവേശനം അനുവദിച്ചപ്പോള്‍ ബിജെപി സര്‍ക്കാര്‍ ആ വിധി നടപ്പാക്കി. അവിടത്തെ കോണ്‍ഗ്രസുകാരും ബിജെപിക്കാരുമൊക്കെ എവിടെയായിരുന്നു? ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നു? സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പക്കണം എന്ന കോടതി നിലപാടിനൊപ്പമാണ് സര്‍ക്കാര്‍. ഞങ്ങള്‍ക്ക് ഒരു സീറ്റു പോലും കിട്ടില്ല എന്ന സ്ഥിതി വന്നാലും നിലപാട് ഇതുതന്നെ ആയിരിക്കും. സീറ്റും വോട്ടും നോക്കിയല്ല രാഷ്ട്രീയ നിലപാട് എടുക്കുന്നത്. സ്ത്രീ വിവേചനം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കും. സ്ത്രീകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം പ്രാതിനിധ്യം കൊണ്ടുവന്നത് ഇടതു സര്‍ക്കാരാണ്. രാജ്യം ഭരിക്കുന്നവര്‍ക്ക് ഇതുവരെ 35 ശതമാനം സംവരണം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. നാളെ സുപ്രിം കോടതി വിധി സ്ത്രീ പ്രവേശം വേണ്ട എന്നാണെങ്കില്‍ അതും ഈ സര്‍ക്കാര്‍ നടപ്പാക്കും. പക്ഷെ സിപിഎം നിലപാട് സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരിക്കും.
ഇതേ നിലപാട് ശരീഅത്ത് വിഷയത്തില്‍ ഞങ്ങള്‍ എടുത്തിരുന്നു. ഒറ്റ വോട്ടും കിട്ടില്ല എന്ന് പലരും പറഞ്ഞെങ്കിലും ഞങ്ങളുടെ നിലപാട് ജനം അംഗീകരിച്ചു. 87ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നു. 2005ല്‍ സംവരണ പ്രശ്‌നം വന്നപ്പോഴും ഇതേ നിലപാടെടുത്തു. 2006ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications