കൂളിമാട് പാലം തകര്‍ച്ച: പൊതുമരാമത്ത് വകുപ്പിന് ഗുരുതര വീഴ്ച്ച, എഞ്ചിനീയര്‍മാര്‍ സ്ഥലത്തില്ല
കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് കടുത്ത വീഴ്ച്ച. ഇത്രയും ദിവസം സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പ്രശ്‌നം വഴിതിരിച്ച് വിടാന്‍ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ പ്രതിപക്ഷ പ്രചാരണം ശക്തമാകുമെന്ന് ഉറപ്പാണ്. പാലം നിര്‍മാണം പുരോഗമിക്കുമ്പോള്‍ പ്രവര്‍ത്തിയുടെ ചുമതലയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജു പിബി ഒരാഴ്ച്ചയായി സ്ഥലത്തുണ്ടായിരുന്നില്ല. അസി എഞ്ചിനീയര്‍ മൊഹ്‌സിന്‍ അമീനും സ്ഥലത്തുണ്ടായിരുന്നില്ല.

അതേസമയം മേല്‍നോട്ടത്തില്‍ വീഴ്ച്ച വന്നതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതിക്കൂട്ടിലാവും. പാലാരിവട്ടം പാലവുമായി ഇതിനോടകം കോണ്‍ഗ്രസ് ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇതിനെ സര്‍ക്കാര്‍ പ്രതിരോധിക്കേണ്ടി വരും. എഞ്ചിനീയര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അസോസിയേഷന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവ സമയത്ത് നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാലം തകര്‍ന്ന ശേഷവും ഉദ്യോഗസ്ഥര്‍ ഇവിടെയെത്താന്‍ വൈകിയതും ഗുരുതര വീഴ്ച്ചകളില്‍ വരും.
രാവിലെ ഒന്‍പത് മണിക്കാണ് പാലം തകര്‍ന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മൂന്ന് മണിയോടെ മാത്രമാണ് സംഭവ സ്ഥലത്തെത്തിയത്. മന്ത്രി വീഴ്ച്ചയില്ലെന്ന് പറയുമ്പോഴും, ഇത്ര വലിയ വീഴ്ച്ച സംഭവിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ സല്‍പ്പേരിന് തന്നെ കളങ്കമായി. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് കൂളിമാട് പാലം. ചാലിയാറിന് കുറുകെയാണ് ഈ പാലമുള്ളത്. ഇതിന്റെ മൂന്ന് പ്രധാന ബീമുകളാണ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ തകര്‍ന്ന് വീണത്. മലപ്പുറം ജില്ലയോട് ചേര്‍ന്ന ഭാഗത്തായിരുന്നു അപകടം നടന്നത്. വകുപ്പിനോ സര്‍ക്കാരിനോ വീഴ്ച്ചയുണ്ടായിട്ടില്ലെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം.
സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് മന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പിഡബ്ല്യുഡി ആഭ്യന്തര അന്വേഷണ വിഭാഗം തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിച്ചു. നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിശമായ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവാണ് എന്നാണ് റോഡ് ഫണ്ട് ബോര്‍ഡ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. പാലം തകര്‍ന്നതിന്റെ പ്രധാന പ്രതി മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഇതിന് പിന്നാലെ രംഗത്ത് വന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പാലത്തിന്റെ തകര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുസ്ലീം ലീഗ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications