കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴയവയെല്ലാം നാടുനീങ്ങുന്നു: കോരപ്പുഴ പാലവും വിസ്മൃതിയിലേക്ക്, പുതിയ പാലം 24.32 കോടി രൂപ ചിലവില്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുക്കാല്‍ നൂറ്റാണ്ട് കാലത്തോളം കോഴിക്കോടന്‍ ജനതയെ കരക്കടുപ്പിച്ച കോരപ്പുഴപ്പാലം ഓര്‍മയാവുന്നു. 78 വര്‍ഷക്കാലം പ്രായമായ കോരപ്പുഴപ്പാലം വ്യാഴാഴ്ച പൊളിച്ചു തുടങ്ങും. രാവിലെ ഒന്‍പതിന് പാലം പൊളിക്കുന്ന പ്രവൃത്തി ആരംഭിക്കും. പാലത്തിലെ ടാറിങ്ങാണ് ആദ്യം നീക്കുക. തുടര്‍ന്ന് ഘട്ടം ഘട്ടമായി കൈവരികളും കമാനങ്ങളും ഉള്‍പ്പടെയുള്ളവ പൊളിച്ച് നീക്കും.

നാല് മാസത്തിനുള്ളില്‍ പാലം പൂര്‍ണ്ണമായി പൊളിച്ച് നീക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി സൈറ്റ് എഞ്ചിനിയര്‍ ബൈജു പറഞ്ഞു. 24.32 കോടി രൂപ ചിലവിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ടുപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. 1938ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് പണിത കോരപ്പുഴ പാലം 1940ല്‍ ആയിരുന്നു ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.

korappuzhabridge

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് (യു.എല്‍.സി.സി.എസ്) പുതിയ പാലം നിര്‍മിക്കാനുള്ള കരാര്‍. പഴയ പാലം പൊളിച്ചുമാറ്റി അതേസ്ഥാനത്താണ് പുതിയ പാലം പണിയുന്നത്. പാലം പൊളിക്കാനുള്ള യന്ത്ര സാമഗ്രികള്‍ ഉള്‍പ്പടെയുള്ളവ ബാഗ്ലൂരില്‍ നിന്നും എത്തിച്ചിട്ടുണ്ട്. പുതിയ പാലത്തിന്റെ പൈലിങ്ങ് പ്രവൃത്തിക്കായി പാലത്തിനടിയില്‍ ബണ്ട് കെട്ടി മണല്‍ നിറക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമാണ് പുതിയ പാലം നിര്‍മ്മിക്കാനുള്ള കരാര്‍ കാലാവധി. അതിന് മുമ്പ് തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് യു.എല്‍.സി.സിയുടെ ശ്രമം.

ദിവസേന നൂറുക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന കോരപ്പുഴയില്‍ പാലം പുനര്‍നിര്‍മ്മിക്കുന്നതോടെ ഗതാഗത സൗകര്യം കൂടുതല്‍ എളുപ്പമാകും. ദേശീയ പാതയില്‍ ഗതാഗത കുരുക്കുണ്ടാക്കുന്ന രണ്ട് പ്രധാന പാലങ്ങളില്‍ ഒന്നാണ് കോരപ്പുഴ. ഏറെ കാലപ്പഴക്കമുള്ളതും ഇടുങ്ങിയതുമായ പാലം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യത്തിനും ഏറെ കാലപ്പഴക്കമുണ്ട്. 40 വര്‍ഷം കാലാവധി പറഞ്ഞിരുന്ന പാലം 78 വര്‍ഷം പിന്നിടുമ്പോഴാണ് പൊളിക്കുന്നത്. നിലവില്‍ ഒരേ സമയത്ത് കോരപ്പുഴപ്പാലം വഴി രണ്ടു വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ സാധിക്കില്ല. അതിനാല്‍ ഒരു ഭാഗത്തുകൂടെ മാത്രമേ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളു. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. അതിന് പുറമെ കാല്‍നട യാത്രക്കാര്‍ക്ക് പാലത്തിന് അക്കരെ എത്താന്‍ നടപ്പാതകളുമില്ല. പുതിയ പാലം വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.

പഴയ കോരപ്പുഴ പാലത്തിന്റെ മാതൃകയിലാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. വശങ്ങളിലെ കമാനാകൃതി പുതിയ പാലത്തിലുമുണ്ടാകും. 12 മീറ്റര്‍ വീതിയിലാണ് പുതിയ പാലം. ഏഴര മീറ്ററാണ് റോഡുണ്ടാകുക. റോഡിന്റെ ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയും നിര്‍മ്മിക്കും. എട്ട് തൂണുകളാകും പാലത്തിനുണ്ടാകുക. പൊതുമരാമത്ത് ഡിസൈന്‍ വിങ്ങാണ് പുതിയ പാലത്തിന്റെ രൂപകല്‍പ്പന ചെയ്തത്. ദേശീയപാതാ വിഭാഗത്തിനാണ് നിര്‍മാണ ചുമതല.

Kozhikode
English summary
korappuzha bridge into be broken for the new one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X