കോഴിക്കോട് കനോലി കനാലില്‍ വീണ യുവാവ് മരിച്ചു; മരിച്ചത് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരന്‍
കോഴിക്കോട്: എരഞ്ഞിപ്പാലം സരോവരത്തിന് സമീപം കനോലി കനാലില്‍ വീണയാള്‍ മരിച്ചു. കുന്ദമംഗലത്ത് താമസിക്കുന്ന കോട്ടൂളി സ്വദേശി പ്രവീണ്‍ ദാസ് ആണ് മരിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ ക്ലര്‍ക്ക് ആണ് പ്രവീണ്‍ ദാസ്. കനോലി കനാലിന്റെ സമീപത്തിരിക്കുന്നതിനിടെ അബദ്ധവശാല്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും സ്‌കൂബാ ടീമും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തുന്നത്. ശക്തമായ മഴ പെയ്തിരുന്നതിനാല്‍ കനാലില്‍ നേരിയ ഒഴുക്കുണ്ടായിരുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അപകടം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാത്രി 10.15 ഓട് കൂടിയാണ് മരണം സ്ഥിരീകരിച്ചത്. കനാലിന് സമീപത്തിരുന്ന് ഉറങ്ങുകയായിരുന്നു പ്രവീണ്‍ എന്നും പെട്ടെന്ന് വീഴുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വീഴുന്നത് കണ്ട് പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും പിന്നീട് തങ്ങളില്‍ രണ്ട് പേര്‍ കനാലിലിറങ്ങിയെങ്കിലും കണ്ടെത്താനായില്ല എന്നും ദൃക്‌സാക്ഷികളിലൊരാള്‍ മീഡിയ വണ്ണിനോട് പറഞ്ഞു.












Click it and Unblock the Notifications