നൂറ്റാണ്ടിനോടടുത്ത് പഴക്കം, കോഴിക്കോട്ടുകാരുടെ 'ജന്മസ്ഥലം; അശോക ആശുപത്രി പൊളിച്ചുമാറ്റുന്നു
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മാനാഞ്ചിറയും മിഠായിത്തെരുവും പാളയം മാര്‍ക്കറ്റും വലിയങ്ങാടിയിലും പോലെ പഴമയുടെ പ്രതാപം പേറിയിരുന്ന അശോക ആശുപത്രിക്ക് താഴ് വീഴുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിനോട് പഴക്കമുള്ള അശോക ആശുപത്രി പൊളിച്ചുമാറ്റും. 1930 ല്‍ സ്ഥാപിതമായതാണ് അശോക ആശുപത്രി.
കോഴിക്കോട് നഗരത്തില്‍ വന്നവരൊക്കെ ഈ അശോക ആശുപത്രി കണ്ടിരിക്കും എന്ന് ഉറപ്പാണ്. റോഡിനോട് ചേര്‍ന്ന് വിയന്ന ഘടികാരവുമായി തലയുയര്‍ത്തി നിന്ന അശോക ആശുപത്രി പുകള്‍പെറ്റ കോഴിക്കോടന്‍ പെരുമയുടെ അടയാളങ്ങളിലൊന്നായിരുന്നു. എന്നാല്‍ റോഡ് വികസനം വരുമ്പോള്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗം പൊളിച്ചു മാറ്റേണ്ടി വരും.

Image Credit:Shereef TVM@GoogleMaps
ഇതോടെ ആണ് ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിച്ചത്. ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗം പൊളിച്ചു മാറ്റുന്നതോടെ ആശുപത്രി തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്ന് ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ അശ്വിന്‍ രാമകൃഷ്ണന്‍ പറയുന്നു. പുതിയ കെട്ടിടം പണിയാന്‍ വേണ്ട സ്ഥല സൗകര്യങ്ങളും ഇല്ല.

Image credit: Facebook@Sheloob Samad
കോഴിക്കോട്ടേയും പരിസരപ്രദേശങ്ങളിലേയും എത്രയോ അപ്പനപ്പൂപ്പന്‍മാരും അമ്മൂമ്മമാരും അവരുടെ നാലോളം തലമുറകളും ജനിച്ച ആശുപത്രിയാണ് അശോക ആശുപത്രി. 1930ല്‍ തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയും ഡോക്ടറും ആയിരുന്ന വി ഐ രാമന്‍ ആണ് അശോക ആശുപത്രി സ്ഥാപിക്കുന്നത്. വടക്കേ മലബാറിലെ പ്രശസ്ത ഗൈനൊക്കോളജിസ്റ് ആയിരുന്ന വി ഐ രാമന്‍. യൂറോപ്പിലെ വിയന്നയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം.

നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് യൂറോപ്യന്‍ നിര്‍മാണ രീതിയും കേരളീയ വാസ്തു കലയും സംയോജിപ്പിച്ച് കോഴിക്കോട് ബാങ്ക് റോഡില്‍ അശോക ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്സിംഗ് ഹോം സ്ഥാപിക്കുന്നത്. സമയം നോക്കാന്‍ നാഴിക നോക്കിയിരുന്ന കാലത്ത് വിയന്നയില്‍ നിന്ന് കൊണ്ടുവന്ന വലിയ ഘടികാരവും ആശുപത്രിയില്‍ അദ്ദേഹം സ്ഥാപിച്ചിരുന്നു.

അതേസമയം ആശുപത്രി പൊളിച്ചാലും ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ അശ്വിന്‍ രാമകൃഷ്ണന്‍ നടത്തുന്ന ടി എം ഡി ട്രീറ്റ്മെന്റ് സെന്റര്‍ അതെ കോമ്പൗണ്ടില്‍ തുടരും. ഡിസംബര്‍ 31 വരെ മാത്രമേ ആശുപത്രിയില്‍ നിന്ന് മറ്റ് സേവനങ്ങള്‍ ലഭ്യമാകൂ. ജനുവരി 15 ന് ആശുപത്രി പൂര്‍ണമായും അടയ്ക്കും.












Click it and Unblock the Notifications