കോഴിക്കോടും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും, ആളപായമില്ല; വിലങ്ങാട് പുഴയില്‍ ജലനിരപ്പ് ഉയരുന്നു
കോഴിക്കോട്: തിങ്കളാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായതായി എന്ന് നാട്ടുകാര്‍ പറയുന്നു. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായിയെ ആണ് കാണാതായത്. താമരശ്ശേരി ചുരം എട്ടാം വളവില്‍ മണ്ണിടിഞ്ഞ് വീണു. മരങ്ങള്‍ റോഡിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടു.
വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ കടത്തി വിടുകയാണ്. ചുരത്തില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കുറ്റ്യാടി മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. എന്നാല്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി പാര്‍പ്പിച്ചു.

വിലങ്ങാട് പുഴയില്‍ വെള്ളം കൂടിയതിനാല്‍ പുഴയോരത്തു ള്ള വരെ പാരിഷ് ഹാളിലേക്ക് മാറ്റി. വിലങ്ങാട് മലയങ്ങാട് ഭാഗത്തു ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മലയങ്ങാട് പാലം ഒലിച്ചു പോയിട്ടുണ്ട്. നാലു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പാലം ഒലിച്ചുപോയതോടെ 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പുഴയുടെ സൈഡിലുള്ള വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെന്റര്‍മുക്ക് ഭാഗങ്ങളില്‍ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തൊട്ടില്‍പ്പാലം പുഴ കരകവിഞ്ഞൊഴുകുകയാണ്. ചോയിച്ചുണ്ടില്‍ ഏഴ് വീടുകളില്‍ വെള്ളം കയറി. കാവിലുംപാറയില്‍ പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇരുവഴഞ്ഞി പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞ് ഒഴുകുന്നത് ഭീഷണിയുയര്‍ത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ പുറ്റിയൂട്ടില്‍, മാന്ത്ര, പ്രേദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
മുക്കം പുല്‍പറമ്പ് , കൊടിയത്തൂര്‍ ചെറുവാടി അങ്ങാടികളിലെ കടകളില്‍ വെള്ളം കയറിയതോടെ കടകള്‍ ഒഴിപ്പിച്ചു. അതേസമയം കോഴിക്കോട് മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോടഞ്ചേരി, തിരുവമ്പാടി, പുതുപ്പാടി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് വെണ്ടയ്ക്കാംപോയില്‍ കോളനി നിവാസികളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
മഴയും മലവെള്ളപ്പാച്ചിലും ശക്തമായതോടെ ചെമ്പ്കടവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലേക്ക് 24 കുടുംബത്തെ മാറ്റി. ഇന്ന് കോഴിക്കോട് അടക്കം അഞ്ച് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications