സര്‍ക്കാരിന് ധാർഷ്ട്യം, പണം പിടിച്ചുപറിക്കുന്നു: സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം ലീഗ്
കോഴിക്കോട്: പ്രളയത്തിലും ഡാം മാനേജ്‌മെന്റ് വീഴ്ചയിലും തകര്‍ന്ന കേരളത്തെ കെട്ടിപ്പടുക്കാന്‍ പണം സ്വരൂപിക്കുന്നതിന് പിടിച്ചുപറി നടത്തുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴിയോ അല്ലാതെയോ സഹായിക്കാന്‍ അവസരം ഒരുക്കുന്നതിന് പകരം ശമ്പളം പിടിച്ചെടുക്കല്‍ ഉത്തരവ് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. പ്രളയ സമയത്തും പ്രളയാനന്തരവും സഹായവുമായി രംഗത്തെത്തിയ കേരളീയ സമൂഹത്തിന്റെ പ്രതിബദ്ധത എല്ലാവരും കണ്ടതാണ്.
ഉദ്യോഗസ്ഥരും അല്ലാത്തവരുമായ ആര്‍ക്കും ഇഷ്ടമുളള തുക ഒന്നിച്ചോ ഘഡുക്കളായോ നല്‍കാനുള്ള അവകാശം വകവെച്ചു കൊടുക്കുന്നതിന് പകരം പിടിച്ചെടുക്കല്‍ സമീപനം വിപരീത ഫലമാണ് സൃഷ്ടിക്കുക. സാലറി ചലഞ്ചിനോട് സഹകരിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് തുക അറിയിക്കാനും നല്‍കാനും കഴിയുന്ന രീതിയിലേക്ക് ഉത്തരവ് പരിവര്‍ത്തനം ചെയ്യണം. ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ശമ്പളം പിടിക്കുന്നത് അധാര്‍മ്മികമാണ്.

പ്രളയക്കെടുതിയില്‍ പെട്ട് ജീവിത പ്രയാസം നേരിടുന്നവര്‍ക്ക് ദുരിതമാകുന്ന രീതിയിലാണ് ഒരു മാസത്തെ ശമ്പളം പിടിക്കുമെന്നും സമ്മതമില്ലാത്തവര്‍ അറിയിക്കണമെന്നും പറയുന്ന ഉത്തരവ്. ഇതു തയ്യാറാക്കിയ ധനകാര്യ വകുപ്പ് ഓഫീസിലെ ഇടത് അനുകൂല യൂണിയന്‍ നേതാവായ ഉദ്യോഗസ്ഥനെ പോലും വിയോജിപ്പ് പ്രകടിപ്പിച്ചതിന് സ്ഥലം മാറ്റിയത് സര്‍ക്കാര്‍ ഏതു വഴിക്കാണ് നീങ്ങുന്നതെന്നതിന്റെ തെളിവാണ്. ധാഷ്ട്യത്തിന്റെ ഭാഷ്യമുള്ള ഉത്തരവ് പിന്‍വലിക്കണം.
പണം പിരിക്കുന്നതില്‍ മാത്രം ശ്രദ്ധയൂന്നുന്ന സര്‍ക്കാര്‍ 1200 കോടി സമാഹരിച്ചിട്ടും ഇത് അര്‍ഹരിലേക്ക് എത്തിക്കുന്നതിനോ ആശ്വാസ ധനം കൈമാറുന്നതിനോ ശ്രമിക്കുന്നില്ല. മൂന്ന് മാസം മുമ്പ് കോഴിക്കോട് കട്ടിപ്പാറിയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ച ദുരന്തത്തില്‍ പെട്ടവര്‍ക്ക് പോലും ഇന്നേവരെ സഹായം അനുവദിച്ചിട്ടില്ല. വീട്ടിലേക്ക് മടങ്ങുന്നതോടെ 10000 അക്കൗണ്ടിലെത്തുമെന്ന വാഗ്ദാനവും ഒരു മാസത്തോളമായി പാലിച്ചിട്ടില്ല. നാഥനില്ലാ കളരിയായ സംസ്ഥാന സര്‍ക്കാറിന്റെ പ്രളയാനന്തര കേരളത്തെ കെട്ടിപടുക്കല്‍ അധരവ്യായാമത്തില്‍ മാത്രം ഒതുങ്ങുന്നതായും കെ.പി.എ മജീദ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications