കീഴരിയൂരില്‍ ഡെങ്കി: മറുനാടന്‍ തൊഴിലാളികളെ താമസിപ്പിച്ച മൂന്ന് കെട്ടിടങ്ങള്‍ക്കു നോട്ടീസ്
കോഴിക്കോട്: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരു മൂന്ന് കെട്ടിടങ്ങള്‍ ഇതിന്റെ ഭാഗമായി അടച്ചു പൂട്ടാന്‍ അധികൃതര്‍ നോട്ടിസ് നല്കി. പഞ്ചായത്തില്‍ എട്ടു പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ഒരാള്‍ക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്.
പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ബഹുജന പങ്കാളിത്തത്തോടെ രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ഏകദിന ശുചിത്വപരിപാടി സംഘടിപ്പിച്ചിരുന്നു. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഡെങ്കി ബാധിതമായ പഞ്ചായത്തിലെ 4,5 വാര്‍ഡുകളില്‍ രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി ഹെല്‍ത്ത് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെ 695 വീടുകളില്‍ സര്‍വ്വെ നടത്തുകയും 1237 കണ്ടെയിനറുകള്‍ നീക്കം ചെയ്യുകയും ചെയ്തു. സര്‍വ്വെയില്‍ 59 വീടുകള്‍ രോഗം വരാന്‍ സാധ്യതയുള്ളതായി കണ്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കി. കുടാതെ വാര്‍ഡുകളില്‍ ഫോഗിങ് നടത്തുകയും ചെയ്തു. പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും നടത്തിയിട്ടുണ്ട്