നിപ്പയില്‍ രാഷ്ട്രീയം കലര്‍ത്തി സര്‍ക്കാര്‍: കേന്ദ്രസംഘവും നാട്ടുകാരുമൊക്കെ കടക്ക് പുറത്ത്!
കോഴിക്കോട്: നിപ്പാ പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതില്‍ പ്രതിഷേധം ശക്തം. നാട്ടുകാരെയോ സന്നദ്ധപ്രവര്‍ത്തകരെയോ കേന്ദ്രസംഘത്തെയോ ഉള്‍പ്പെടുത്താതെ കേവലം സംസ്ഥാന സര്‍ക്കാരിനു താല്‍പ്പര്യമുള്ള സംവിധാനങ്ങളെയും സംഘടനകളെയും ആദരിക്കുന്നു എന്നാണ് ആരോപണം. നിപ്പയെ പ്രതിരോധിക്കാന്‍ കേന്ദ്രസംഘവും സംസ്ഥാന സര്‍ക്കാരും നാട്ടുകാരുമൊക്കെ കൈമെയ് മറന്നു പ്രവര്‍ത്തിച്ചെങ്കിലും ആദരിക്കല്‍ ചടങ്ങിനോട് അടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് ചിത്രത്തില്‍. ജൂലൈ ഒന്നിന് രാവിലെ 10 മുതല്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും ടാഗോര്‍ ഹാളിലുമായാണ് പരിപാടി.

രാവിലെ 10ന് ആരോഗ്യവകുപ്പ് നടത്തുന്ന ആദരിക്കല്‍ ചടങ്ങില്‍ മന്ത്രി ശൈലജ ടീച്ചറാണ് ഉദ്ഘാടക. മന്ത്രി എ.കെ ശശീന്ദ്രനും ഭരണ-പ്രതിപക്ഷ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ഡോക്റ്റര്‍മാരെയും നഴ്‌സുമാരെയുമൊക്കെ ചടങ്ങില്‍ ആദരിക്കുമെങ്കിലും കേന്ദ്രസംഘമോ കടിയങ്ങാടുള്ള സന്നദ്ധ പ്രവര്‍ത്തകരോ ഇതില്‍ ഇല്ല. മണിപ്പാല്‍, പൂനെ, ഭോപ്പാല്‍ തുടങ്ങിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം, പക്ഷി നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വംമറന്ന് രോഗത്തെ പ്രതിരോധിക്കാന്‍ കോഴിക്കോട്ടുണ്ടായിരുന്നു. ഇവരെയൊക്കെ ആരോഗ്യവകുപ്പ് സൗകര്യപൂര്‍വം വിസ്മരിച്ചു. നിപ പൊട്ടിപ്പുറപ്പെട്ട് മലബാര്‍ ഒന്നാകെ ഭീതി പരന്നപ്പോഴും സമചിത്തതയോടെ രോഗത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ഏറെപ്പേര്‍ സൂപ്പിക്കടയില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. അവരില്‍ ഒരാളെപ്പോലും ആദരിക്കുന്നില്ല എന്നതും നാട്ടുകാരില്‍ പ്രതിഷേധം വര്‍ധിപ്പിച്ചുണ്ട്.

നിപ്പാ പ്രതിരോധത്തിന് പുതിയൊരു അവകാശികൂടി രംഗത്തുവന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കോഴിക്കോട് കോര്‍പ്പറേഷന്‍ ആണത്. ആരോഗ്യവകുപ്പിന്റെ ആദരിക്കല്‍ ചടങ്ങിന് ശേഷം വൈകിട്ട് കോര്‍പ്പറേഷന്റെ ആദരിക്കല്‍ ചടങ്ങുമുണ്ട്. നിപയില്‍ രോഗികള്‍ മരണപ്പെട്ടപ്പോള്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ബന്ധുക്കള്‍ കാണാന്‍ പോലും മടിച്ച മൃതദേഹങ്ങള്‍ അദ്ദേഹം യാതൊരു മടിയുമില്ലാതെ കൈകാര്യം ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നെങ്കിലും ആ സേവനത്തെ ആരും കുറച്ചുകാണുന്നില്ല. അതില്‍ക്കൂടുതല്‍ നിപ പ്രതിരോധത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന് വലിയ റോളുകളൊന്നും ഉണ്ടായിരുന്നില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചങ്ങരോത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്റ്റര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരെ പോലും ആദരിക്കല്‍ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പൊതുപ്രവര്‍ത്തകനും സൂപ്പിക്കട ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ബീരാന്‍കുട്ടി പറഞ്ഞു. പകര്‍ച്ചവ്യാധി തടയാന്‍ മുന്നിട്ടിറങ്ങിയ കേന്ദ്രസംഘത്തെപ്പോലും അവഗണിച്ച് ആരോഗ്യവകുപ്പ് നടത്തുന്ന സമാദരിക്കല്‍ ചടങ്ങ് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications