കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെടിഡിസി കെട്ടിടം പൊളിക്കാത്തത് ഊരാളുങ്കലിനു വേണ്ടി? നഗരസഭാ യോഗത്തില്‍ മേയര്‍ക്കെതിരെ പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കിഡ്‌സണ്‍ കോര്‍ണറില്‍ കെ.ടി.ഡി.സി കെട്ടിടം പൊളിച്ചുമാറ്റി പാര്‍ക്കിങ് പ്ലാസ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ പരാതി.വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. മിഠായി തെരുവ് നവീകരണത്തോടെ നഗരത്തിന്റെ അടിയന്തര ആവശ്യമായി മാറിയ മാനാഞ്ചിറയിലെ പാര്‍ക്കിങ് പ്ലാസ സമുച്ചയത്തിന്റെ രൂപകല്‍പന നിരന്തരം മാറ്റി തയാറാക്കുന്നത് അവിടെ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സൗകര്യത്തിനാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷനേതാവ് അഡ്വ. പി.എം സുരേഷ്ബാബു പറഞ്ഞു.

പാര്‍ക്കിങ് പ്ലാസയുടെ അവസാന രൂപ കല്‍പ്പന ഒരാഴ്ചക്കകം തീരുമാനിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് നേരത്തേയുള്ള രൂപകല്‍പനയില്‍ മാറ്റംവരുത്തുന്നതെന്ന് മേയര്‍ പറഞ്ഞു. കെട്ടിടം പൊളിക്കുന്നതിന് മുമ്പുതന്നെ വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നടപടിയെടുക്കാനും മേയര്‍ നിര്‍ദ്ദേശം നല്‍കി.

kidsoncorner

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.ടി.ഡി.സിയെ ധൃതിയില്‍ ഒഴിപ്പിച്ച നഗരസഭ മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ക്കിങ് സംവിധാനമൊരുക്കാന്‍ തയാറാവാത്തത്് ദുരൂഹമാണെന്ന് അഡ്വ. പി.എം. സുരേഷ്ബാബു കുറ്റപ്പെടുത്തി. കടകള്‍ ഒഴിയുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന് പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന്‍ പറഞ്ഞു. മിഠായി തെരുവ് നവീകരണ സമയത്ത് പഴയ സത്രം കെട്ടിടത്തിലെ മുറികള്‍ അനുവാദമില്ലാതെ ഉപയോഗിച്ച കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് പിഴ ചുമത്താനുള്ള ശിപാര്‍ശ ധനകാര്യ കമ്മറ്റിക്ക് പുന:പരിശോധനക്കായി മടക്കിയയക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

കെട്ടിട വളപ്പ് ഉപയോഗിച്ചതിന് ഓരോ മൂന്ന് മാസത്തേക്കും 50,000 രൂപ വീതവും അനുവാദമില്ലാതെ മുറിയുപയോഗിച്ചതിന് 50,000 രൂപയും പിഴ ഈടാക്കാനുള്ള ധനകാര്യ സമിതി ശിപാര്‍ശയാണ് കൗണ്‍സില്‍ മടക്കിയത്. നഗരസഭയുടെ അരീക്കാട് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ ലൈസന്‍സാവകാശം പുതുക്കി നല്‍കരുതെന്ന് മുഹമ്മദ് ഷമീല്‍ ആവശ്യപ്പെട്ടു. കെട്ടിടം തകര്‍ച്ചയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് നഗരസഭ എഞ്ചിനീയര്‍ പരിശോധിക്കണമെന്ന് മേയര്‍ നിര്‍ദ്ദേശിച്ചു.

ഗോതീശ്വരത്ത് ബസ് തിരിക്കുന്ന സ്ഥലത്തിന്റെ ഉടമ അനുവാദം നിരസിച്ചതിനാല്‍ സ്വകാര്യ ബസുകള്‍ ബേപ്പൂരില്‍ യാത്ര അവസാനിപ്പിക്കുന്ന സംഭവത്തില്‍ ഇടപെടണമെന്ന് പേരോത്ത് പ്രകാശന്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നിപ രോഗബാധക്കെതിരെ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രി കെ.കെ ശൈലജയെയും ജില്ലാ കലക്ടറെയും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാറിനെയും യോഗം അഭിനന്ദിച്ചു. ടി.സി ബിജുരാജ് പ്രമേയം അവതരിപ്പിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പേര്‍ കൂടി പ്രമേയത്തില്‍ ചേര്‍ക്കണമെന്ന് ബി.ജെ.പിയിലെ നമ്പിടി നാരായണനും ബേബിമെമ്മോറിയല്‍ ആശുപത്രിയുടെ പേര്‍ പരാമര്‍ശിക്കണമെന്ന് അഡ്വ. പി.എം. നിയാസും ആവശ്യപ്പെട്ടു. മികച്ച സേവനം നടത്തിയ നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാറിന് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കണമെന്ന് പി. കിഷന്‍ചന്ദ് ആവശ്യപ്പെട്ടു.

ശക്തമായ മഴയെതുടര്‍ന്ന് നഗരത്തിലെ റോഡുകളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി വേണമെന്ന് കെ. നിര്‍മല ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പാളയം, കോര്‍ട്ട് റോഡ് തുടങ്ങിയ പ്രധാന റോഡുകളെല്ലാം വെള്ളത്തിലാണ്. വെള്ളക്കെട്ട് ഇല്ലാതാക്കാന്‍ പ്രത്യേക സോണ്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. കടുപ്പിനി പുഴ കരകവിഞ്ഞൊഴുകുന്നത് കാരണം കൊമ്മേരി, മാങ്കാവ് പ്രദേശങ്ങള്‍ വെള്ളത്തിലാണെന്ന് ഷിംന പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.വി ലളിതപ്രഭ യോഗത്തെ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷന് മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇനിയും നടപടിയായില്ലെന്ന് അഡ്വ.പി.എം നിയാസ് പറഞ്ഞു. ഇതിനായി 50ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.

Kozhikode
English summary
kozhikkode local news oppositio against corporation mayor .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X