കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലിനിയുടെ പേരില്‍ പ്രത്യേക വാര്‍ഡ്: ചങ്ങരോത്ത് പി എച്ച്‌സി ആര്‍ദ്രം പദ്ധതിയില്‍,

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ രോഗീപരിചരണത്തിനിടെ നിപ ബാധിച്ചു മരണമടഞ്ഞ നഴ്‌സ് ലിനിയുടെ പേരില്‍ വനിതാ വാര്‍ഡ് തുടങ്ങാന്‍ തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ. താലൂക്ക് ആശുപത്രി വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനു സ്ഥലംകണ്ടെത്താനുള്ള നീക്കം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ് സ്വീകരിച്ചത്.

നിപ വൈറസ് രോഗബാധയെ പ്രതിരോധിച്ച ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സുരഭി അവന്യുവില്‍ സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിനിയുടെ രണ്ടു മക്കള്‍ എല്ലാവരുടെ മനസിലും നൊമ്പരമുണര്‍ത്തുകയാണ്. ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതുപോലുള്ള അത്യാഹിതം സംഭവിച്ചാല്‍ അവരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. നിപ എന്ന അന്തകവൈറസിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നുപ്രവര്‍ത്തിച്ചത് മൂന്നു സ്ത്രീകളാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍,കോഴിക്കോട് മുന്‍ ഡിഎംഒ കൂടിയായ ആരോഗ്യവകുപ്പു മേധാവി ഡോ.ആര്‍.എല്‍.സരിത, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ എന്നിവരായിരുന്നു അവർ.

nipahclct-

യുദ്ധസമാനമായ അന്തരീക്ഷത്തില്‍ കോഴിക്കോട്ടെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതു കൊണ്ടു കൂടിയാണ് ഈ വൈറസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. നിപ ബാധയെ സധൈര്യം നേരിട്ട പേരാമ്പ്രയിലെയും ചങ്ങരോത്തെയും ആശുപത്രികളെയും ആരോഗ്യപ്രവര്‍ത്തകരെയും ആശാവര്‍ക്കര്‍മാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഖത്തര്‍ സന്ദര്‍ശനവേളയില്‍ ഖത്തറിലെ ആരോഗ്യവകുപ്പു സഹമന്ത്രി നിപയ്‌ക്കെതിരെയുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതായി മന്ത്രി പറഞ്ഞു.

ചങ്ങരോത്ത്, പെരുവണ്ണാമൂഴി,പന്നിക്കോട്ടുര്‍, കീഴരിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിപ ഭീതി ഉണ്ടായ സമയത്ത് പേരാമ്പ്രയിലെ ആരോഗ്യകേന്ദ്രങ്ങളുടെ സമചിത്തതയോടെയുള്ള പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. സംസ്ഥാനത്ത് 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേരാമ്പ്ര മണ്ഡലത്തില്‍ നൊച്ചാട്, അരിക്കുളം പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് നേരത്തേ ആര്‍ദ്രം പദ്ധതിയില്‍ ഇടംനേടിയതെന്നും മന്ത്രി വ്യക്തമാക്കി.

പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.ആര്‍.ഷാമില്‍, ചങ്ങരോത്ത് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിജേഷ് ഭാസ്‌കര്‍, പന്നിക്കോട്ടൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.കമറുദ്ദീന്‍, ആവള മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.എസ്.ബിനോയ്, പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിനു വേണ്ടി ഡോ.സാബിത് അലി എന്നിവര്‍ മൊമന്റോയും സര്‍ട്ടിഫിക്കറ്റും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ആരോഗ്യപ്രവര്‍ത്തകരായ ഇരുന്നൂറ്റമ്പതോളം പേരെയാണ് ചടങ്ങില്‍ ആദരിച്ചത്. നിപ രോഗത്താല്‍ ജീവന്‍പൊലിഞ്ഞവരെ അനുസ്മരിച്ചു എല്ലാവരും ഒരു നിമിഷം എഴു്‌ന്നേറ്റു നിന്നു മൗനമാചരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി കണ്‍വീനറുുമായ കെ.എം.റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ചെയര്‍മാനുമായ എ.സി.സതി അധ്യക്ഷയായി. ഡോ. ആര്‍.എല്‍.സരിത, ഡോ. ജയശ്രി, കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടറും നിപ വൈറസിനെ തിരിച്ചറിയുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയുമായ ഡോ. അനൂപ് കുമാര്‍ എന്നിവർ അനുഭവങ്ങള്‍ പങ്കുവച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനേഷ് മുതുകാട് നന്ദി പറഞ്ഞു.

ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും, സാബിത്തിന്റെയും സാലിഹിന്റെയും കുടുംബാംഗങ്ങള്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്കിലെ ജനപ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Kozhikode
English summary
kozhikkode local news special award in the name of Lini.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X