സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പതിനേഴ് വര്‍ഷം: വെള്ളാരംകുന്നുമ്മല്‍ സലീമിന് നാടിന്‍റെ ആദരം
കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പതിനേഴ് വര്‍ഷം പൂര്‍ത്തിയാക്കി കാരന്തൂരിന്‍റെ അഭിമാനായി മാറിയ വെള്ളാരംകുന്നുമ്മല്‍ സലീമിന് നാടിന്‍റെ ആദരം. ശനിയാഴ്ച നടന്ന പത്തൊമ്പതാം വാര്‍ഡ് ഗ്രാമസഭയില്‍ വെച്ച് കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൈലാസ് നാഥന്‍ സലീമിന് ഉപഹാരം നല്‍കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി സലീം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സന്നദ്ധ സേവനം ചെയ്ത് വരികയാണ്. ഉച്ചവരെ തന്‍റെ ജോലിക്ക് പോയി ഉച്ചക്ക് ശേഷമാണ് സലീം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തുന്നത്.
അപകടങ്ങളിലും മറ്റും പരിക്കേറ് കൂടെ ആളില്ലാതെ വരുന്നവര്‍ ബന്ധുക്കള്‍ വരുന്നത് വരെ സലീമിന്‍റെ കൈയില്‍ സുരക്ഷിതരായിരിക്കും. മനുഷ്യ സ്നേഹത്തിന്‍റെ ഉത്തമ മാതൃകയായി മാറുകയാണ് സലീം. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്ന് ഒട്ടുമിക്ക വളണ്ടിയര്‍മാരും വിട്ടു നിന്നപ്പോള്‍ തന്‍റെ സേവനം മതിയാക്കാന്‍ സലീം തയ്യാറായിരുന്നില്ല. തീര്‍ത്തും സൗജന്യമായാണ് സലീം സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് വേണ്ടി സുമനസ്സുകള്‍ വാങ്ങി നല്‍കിയ ഇരുപത്തിലധികം എയര്‍ ബെഡും സലീമിന്‍റെ കഴിയിലുണ്ട്.

മെഡിക്കല്‍കോളേജ് ആശുപത്രിക്ക് സമീപമുള്ള പല സംഘടകളുടെ കൈയിലും സൗജന്യമായി നല്‍കാന്‍ എയര്‍ ബെഡുകള്‍ ഉണ്ടെങ്കിലും സലീമിന്‍റെ എയര്‍ ബെഡുകള്‍ എപ്പോഴും രോഗികളുടെ കൈയില്‍ തന്നെയായിരിക്കും.സന്നദ്ധ സംഘടനകള്‍ എയര്‍ ബെഡുകള്‍ നല്‍കണമെങ്കില്‍ രണ്ടായിരം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങി വെക്കും എന്നാല്‍ സലീം രോഗികളെ വിശ്വസിച്ച് യാതൊരു നിബന്ധനയുമില്ലാതെയാണ് എയര്‍ ബെഡ് രോഗികള്‍ക്ക് നല്‍കുന്നത്. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഒരിക്കലെങ്കിലും സലീമിന്‍റെ സഹായം കിട്ടാതെയിരിക്കാന്‍ സാധ്യത വളരെ കുറവാണ്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് അത്യാവശ്യമായി രക്തം ആവശ്യം വന്നാല്‍ പിന്നെ സലീം അത് ഒപ്പിക്കാനുള്ള ഓട്ടമാണ്. ഇതിനായി സലീം ഒരു വാട്സപ്പ് ഗ്രൂപ്പ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
മക്കളില്ലാത്ത സലീമിന്‍റെ പ്രവര്‍ത്തനത്തിന് എല്ലാ സപ്പോര്‍ട്ടും നല്‍കി ഭാര്യ ഫസീലയും കൂടെയുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കരിഞ്ചോല മലയില്‍ സലീം സന്നദ്ധ പ്രവര്‍ത്തനം നടത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ വന്നുപോയ കരിഞ്ചോല മലയിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നീക്കം ചെയ്തത് സലീമടക്കമുള്ള വളണ്ടിയര്‍മാരായിരുന്നു. സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ അന്ന് സലീമിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നു.












Click it and Unblock the Notifications