കുത്തൊഴുക്കിൽ തുഴയെറിയാൻ താരങ്ങളെത്തി: കയാക്കിംഗ് ആവേശത്തിൽ കോഴിക്കോടൻ മലയോരം
കോഴിക്കോട് : ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മാമാങ്കത്തിന് 26ന് തുടക്കമാകും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കോഴിക്കോട് ഡിറ്റിപിസിയും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. തിരുവമ്പാടി കോടഞ്ചേരി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും വച്ചാണ് മത്സരങ്ങൾ.
തിരുവമ്പാടി, മുക്കം, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മലയോരമോഖലകളിലെ ടൂറിസം വികസനം ലക്ഷ്യമാക്കിയാണ് മലബാർ വയനാട് മൺസൂൺ ടൂറിസം മേള സംഘടിപ്പിക്കുന്നത്. മേളയിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് പുറമെ കേരളം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഡൽഹി, ഹരിയാന,പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഇന്തോടിബറ്റൻ ബോർഡർ പൊലീസ് ടീമും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പുരുഷ വനിതാ മത്സരങ്ങളുണ്ടാകും. കയാക്കിങ് മത്സരങ്ങൾക്ക് പുറമേ ഫോർവീൽ ഓഫ് റോഡ് ഫൺ റൈഡ്, പെയിന്റിംഗ് എക്‌സിബിഷനുകൾ, ഫോട്ടോഗ്രഫി പ്രദർശനം, നാല് പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സൈക്കിൾ റൈഡ്, കയാക്കിംഗ് പരിശീലനം, റാഫ്റ്റിംഗ് മുതലായവ വിവിധ പഞ്ചായത്തുകളിലായി നടത്തുന്നുണ്ട്.

ഒളിമ്പിക്‌സിൽ മാത്രം കേട്ട് പരിചയമുള്ള കയാക്കിംഗ് മലയോരമേഖലയിലേക്കെത്തുന്നത് 2012 ലാണ്. ഇറ്റലിയിലെ വെറോണയിൽ ഒരു മുന്തിരിത്തോട്ടം ഉടമയായ ജാക്കോപോ നോർഡെറ ബെംഗളൂരുവിൽ നിന്നുള്ള സോഫ്‌റ്റ്വെയർ എഞ്ചിനീയർ മാനിക് തനേജ എന്നിവർ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന ചെറിയ ഗ്രാമത്തിലേക്ക് ആദ്യമായി യാത്ര നടത്തിയത്. അവരുടെ ലക്ഷ്യം ഒന്നായിരുന്നു ചാലിപ്പുഴയിലൂടെ ഒഴുകുന്നതിന്റെ ആവേശം. അവരുടെ കയാക്കുകളിൽ നദിയിൽ പ്രവേശിക്കുമ്പോൾ കരയിൽ നിന്ന് അവരോട് പുഴയിലിറങ്ങരുത് അത് അപകടമാണെന്നും ഇവിടെയിറങ്ങിയാൽ മുങ്ങിമരിക്കുമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ തനേജ മറുപടി നാട്ടുകാരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു ' ഞങ്ങൾ അന്വേഷിച്ചത് അതാണ്.' കയാക്കിംഗിന്റെ ഭ്രാന്തമായ തരംഗം കേരളത്തിലെ ഈ ഭാഗത്ത് ഒരു സ്പ്ലാഷ് സൃഷ്ടിക്കാൻ പോവുകയായിരുന്നു. ഇന്ന് പുഴയുടെ കുത്തൊഴുക്കിൽ ആകർഷിക്കപ്പെട്ട കയാക്കർമാർ ഓരോ വർഷവും വലിയ തോതിൽ മടങ്ങിവന്നുകൊണ്ടിരിക്കുന്നു.
കയാക്കിങ് ചാമ്പ്യൻഷിപ്പിൽ തുഴയെറിയുന്ന താരങ്ങൾക്ക് നഗരത്തിൽ ഇന്നലെ ആവേശോജ്ജ്വല സ്വീകരണം നൽകി. വിദേശ താരങ്ങളടക്കം 20 പേർക്കാണ് ജില്ല സ്‌പോർട്‌സ് കൗൺസിൽ പരിസരത്ത് സ്വീകരണം നൽകിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേശ്ശരി, ജില്ലാ കലക്ടർ സാംബശിവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എല്ലാ കായികപ്രേമികളെയും പ്രോത്സാഹിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. കായികമേഖലെയെ പോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.












Click it and Unblock the Notifications