'നന്മയുള്ള കള്ളനോ': മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചുവച്ച ശേഷം ഉടമയെ വിളിച്ചറിയിച്ചു
കോഴിക്കോട്: താമരശേരിയില്‍ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചുവച്ച ശേഷം ഉടമയെ വിളിച്ചറിയിച്ചു. താമരശേരി പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് മോഷ്ടിച്ച സ്‌കൂട്ടറാണ് തിരിച്ചുവച്ചത്. വാഹനം തിരിച്ചുവച്ച കാര്യം ഉടമയെ വിളിച്ചറിയിക്കുകയായിരുന്നു. സ്‌കൂട്ടര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സ്‌കൂട്ടര്‍ തിരിച്ചുവച്ചത്.
ചൊവ്വാഴ്ചയാണ് താമരശേരി പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് നിന്നും സ്‌കൂട്ടര്‍ മോഷണം പോയത്. ഇന്നലെ രാത്രി എട്ടരയോടെ ഉടമ അബ്ബാസിന് ഒരു ഫോണ്‍ കോള്‍ വരുകയായിരുന്നു, നിങ്ങളുടെ വാഹനം തിരികെ അവിടെ കൊണ്ടുപോയി വച്ചിട്ടുണ്ടെന്നാണ് ഫോണ്‍ കോളില്‍ പറഞ്ഞത്. പിന്നാലെ ഉടമ സ്ഥലത്തെത്തിയപ്പോള്‍ സ്‌കൂട്ടര്‍ അവിടെയുണ്ടായിരുന്നു.

സ്‌കൂട്ടര്‍ മോഷണം പോയ വാര്‍ത്ത സി സി ടി വി വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വാഹനം തിരികെ കൊണ്ടുവയ്ക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഇയാള്‍ വിളിച്ച ഫോണ്‍ കോള്‍ റെക്കോര്‍ഡ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ താമരശേരി പൊലീസിന് കൈമാറിയിട്ടുണ്ട്.
വാഹനം തിരിച്ചുകിട്ടിയെങ്കിലും സ്വാഭാവികമായ പൊലീസ് നടപടിയുണ്ടാകും. ഫോണ്‍ കോള്‍ വന്ന നമ്പര്‍ പരിശോധിച്ചതിന് ശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക. മോഷ്ടിച്ചയാള്‍ തന്നെയാണ് സ്‌കൂട്ടര്‍ തിരികെ വച്ചതെന്നാണ് സംശയിക്കുന്നത്.












Click it and Unblock the Notifications