കോഴിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു: നാല്‍പ്പതോളം പേർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേർക്ക് പരിക്ക്. അത്തോളിക്ക് അടുത്ത് കോളിയോട്ട് താഴെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. എ സി ബ്രദേഴ്സ്, അജ്‌വ എന്നീ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. എ സി ബ്രദേഴ്സ് ബസ് കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്കും അജ്‌വ ബസ് കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്നു.
ബസ് അപകടം ഉണ്ടായ ഉടന്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും സംഭവ സ്ഥലത്തെത്തി. പരിക്കേറ്റവരെ കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജ്, മൊടക്കല്ലൂർ സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ രണ്ട് ബസുകളുടേയും മുന്‍ഭാഗം തകർന്നു. ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഡ്രൈവർ സീറ്റിന് സമീപമായിട്ടാണ് അപകടത്തില്‍ ബസിന് കൂടുതല്‍ ആഘാതമേറ്റത്. ഡ്രൈവറെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തതെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാർ പറയുന്നത്.
അപകടത്തില്‍പ്പെട്ട ഒരു ബസ് തെറ്റായ ദിശയില്‍ കയറി വന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇതോടെ മറുവശത്ത് നിന്നും വരികയായിരുന്ന ബസിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായി. രണ്ട് ബസുകളിലൂമായി ഏതാണ് നൂറോളം യാത്രക്കാരുണ്ടായിരുന്നത്. സ്ഥിരമായി അപകടമുണ്ടാകുന്ന ഒരു മേഖല കൂടിയാണ് ഇത്. അപകടത്തിന്റെ കാരണം തേടി മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications