പുലർച്ചെ എത്തി പെൺകുട്ടികളുടെ ചെരുപ്പ് മോഷ്ടിച്ച് സ്ഥലംവിടും, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി
താമരശ്ശേരി: പലതരം മോഷ്ടാക്കളുണ്ട് വില പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന കള്ളന്മാർ മുതൽ ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുന്ന കള്ളന്മാർ വരെ. എന്നാൽ താമരശ്ശേരിയിലെ ഈ കള്ളൻ തികച്ചും വ്യത്യസ്തൻ ആണ്. ചെരുപ്പ് ആണ് ഈ കള്ളൻ മോഷ്ടിക്കുക. രാത്രി മതിൽ ചാടി കടന്നുവരുന്ന ഈ കള്ളൻ പെൺകുട്ടികളുടെ ചെരുപ്പാണ് മോഷ്ടിക്കുന്നത്. പുരുഷന്മാരുടെ ചെരുപ്പോ മുതിർ സത്രീകളുടെ ചെരുപ്പോ മോഷ്ടിക്കാറില്ല.
വർഷങ്ങളായി താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരാടി, കെടവൂർ, ചാലമ്പറ്റ, നീലഞ്ചേരി പറമ്പത്ത്, ചാലുമ്പാട്ടിൽ, ചെമ്പ്ര തുടങ്ങിയ ഭാഗങ്ങളിലെ വീടുകളിൽ ആണ് ഈ മോഷ്ടാവ് എത്തുന്നത്. നിരവധി ചെരുപ്പുകളാണ് ഈ മോഷ്ടാവ് ആറ് വർഷത്തിനിടെ മോഷ്ടിച്ചത്. അധികവും താമരശ്ശേരി നഗരത്തിന് സമീപത്ത് നിന്നാണ്. മോഷ്ടിക്കുന്നത് ചെരുപ്പ് മാത്രം ആയത് കൊണ്ട് ആരും കാര്യമായി പരാതി കൊടുത്തിട്ടുമില്ല.

കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം ചെരുപ്പ് മോഷ്ടിക്കുന്ന കള്ളന്റെ മുഖം സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി ജി യു പി സ്കൂളിന് പിറക് വശത്തെ ഫർഹമൻസിലിൽ ആയിഷയുടെ വീട്ടിൽ നടന്ന മോഷണത്തിമ് ഇടെയാണ് ചെരുപ്പ് മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യം വ്യക്തമായത്.
തിങ്കഴാഴ്ച പുലർച്ചെ മൂന്ന് മണിക്ക് മതിൽ ചാടിക്കടന്ന് വീടിന്റെ വരാന്തയിൽ എത്തി മോഷ്ടാവ് രണ്ട് ജോഡി ലേഡീസ് ചെരുപ്പുകൾ എടുത്ത് പോവുകയായിരുന്നു. പ്രായമായ ആളുകൾ ഉപയോഗിക്കുന്ന ചെരുപ്പുകളോ പുരുഷന്മാരുടെയോ കുട്ടികളുടേയോ ചെരുപ്പ് എടുത്തില്ല. പെൺകുട്ടികളുടെ ചെരുപ്പ് മാത്രം ആണ് എടുത്തത്.
മാന്യമായ രീതിയിൽ വസ്ത്രം ധരിച്ച ആൾ മുഖം മറിച്ചിരുന്നില്ല. വർഷങ്ങളായി മോഷണം നടത്തുന്ന ചെരുപ്പ് മോഷ്ടാവിനെ എത്രയും വേഗം പിടി കൂടണമെന്ന് ആവശ്യപ്പെട്ട് വയലോരം റെസിഡന്ററ്സ് അസോസിയേഷൻ സെക്രട്ടറി ഐ പി ജിതേഷ് സി സി ടി വി ദൃശ്യങ്ങൾ തമാരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. നായ്ക്കൾ ഇല്ലാത്ത വീട്ടിലാണ് കള്ളൻ എത്തുന്നത്.
ചെരുപ്പ് കാണാതാകുമ്പോൾ തെരുവ് നായ്ക്കൾ കടിച്ച് കൊണ്ടു പോകുന്നതാവാം എന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് പെൺകുട്ടികളുടെ മാത്രം ചെരുപ്പാണ് കൊണ്ടുപോകുന്നതെന്ന് മനസ്സിലായത്. ഈ കള്ളനെ പിടികൂടാൻ പ്രദേശവാസികൾ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഒരിക്കൽ മോഷണം നടത്തിയതിന്റെ സമീപ പ്രദേശങ്ങളിൽ ആറ് മാസത്തിന് ശേഷം മാത്രമാണ് മോഷ്ടാവ് പിന്നീട് എത്തുക.












Click it and Unblock the Notifications