പെണ്‍കുട്ടികളുടെ യാത്ര ദുരൂഹം; ഗൂഗിള്‍ പേ ചെയ്തതാര്? എങ്ങനെ ബാംഗ്ലൂരെത്തി... ഒരാള്‍ക്ക് കൊവിഡ്
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുചാടിയ പെണ്‍കുട്ടികള്‍ എങ്ങനെ ബെംഗളൂരുവിലെത്തി എന്നത് അന്വേഷണ സംഘത്തെ പോലും അമ്പരപ്പിക്കുന്നു. പുറത്തു നിന്നുള്ളവരുടെ സഹായമില്ലാതെ പെണ്‍കുട്ടികള്‍ക്ക് പണം ലഭിക്കില്ല. മൊബൈല്‍ വാങ്ങുന്നതിനും യാത്രയ്ക്കും വേണ്ടി ഇവര്‍ക്ക് ചിലര്‍ പണം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയിരിക്കുന്നത്. ഇത് ആരാണെന്ന് പോലീസിന് സൂചന ലഭിച്ചുവെന്നാണ് വിവരം. പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരുവില്‍ മുറിയെടുക്കാന്‍ വേഗത്തില്‍ സാധിക്കില്ല എന്ന് ഉറപ്പാണ്. അതിന് മറ്റു ചിലരുടെ സഹായം ലഭിച്ചുവെന്ന് പോലീസ് മനസിലാക്കുന്നു. ഇവരാര് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.

അതേസമയം, കോഴിക്കോടെത്തിച്ച പെണ്‍കുട്ടികളില്‍ നിന്ന് ലഭിക്കുന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. മദ്യം നല്‍കി ലൈംഗിക ചൂഷണത്തിന് ചിലര്‍ ശ്രമിച്ചുവെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്ന പോലീസ്, പ്രതികള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തും. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ടു പേരെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന പ്രതീക്ഷയിലാണ് പോലീസ്. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരെയും വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിയ പെണ്‍കുട്ടികള്‍ അധിക ദൂരം പോകില്ല എന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. കൈയ്യില്‍ പണമില്ലാത്തതിനാല്‍ യാത്ര സാധ്യമാകില്ലെന്ന് പോലീസും കരുതി. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ചിലര്‍ പണം നല്‍കുകയായിരുന്നു. മണിക്കൂറുകള്‍ക്കം അവര്‍ ബെംഗളൂരുവിലെ മഡിവാളയിലെത്തി. 500 രൂപ മുടക്കി മൊബൈല്‍ വാങ്ങിയിട്ടുണ്ട്. ഇതിന്റെ പണം പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരം ആരോ ഗുഗിള്‍ പേ ചെയ്തു നല്‍കി. ശേഷം പാലക്കാട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. ടിക്കറ്റിനുള്ള പണം കണ്ടക്ടറുടെ ഗുഗിള് പേ അക്കൗണ്ടിലേക്ക് ആരോ അയക്കുകയായിരുന്നു. 2000 രൂപയാണ് ഗുഗിള്‍ പേ ചെയ്തത്. ബാക്കി തുക കുട്ടികള്‍ക്ക് കണ്ടക്ടര്‍ നല്‍കിയെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയത് എടക്കര സ്വദേശിയാണ് എന്നാണ് സംശയിക്കുന്നത്. ഇയാള്‍ക്ക് പെണ്‍കുട്ടികളുമായുള്ള ബന്ധം വന്നതെങ്ങനെ എന്ന് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടികള്‍ക്ക് പണം എവിടെ നിന്ന് കിട്ടി, എങ്ങനെ ബെംഗളൂരുവിലെത്തി, ആണ്‍കുട്ടികളുമായുള്ള ബന്ധമെന്ത് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചുവരുന്നത്. പാലക്കാട്ടേക്ക് കെഎസ്ആര്‍ടിസി ബസിലാണ് പെണ്‍കുട്ടികള്‍ എത്തിയത്. ശേഷം ട്രെയിനില്‍ കയറി. ടിക്കറ്റില്ലെന്ന് കണ്ടെത്തിയ ടിടിഇ ഇവരെ കോയമ്പത്തൂരില്‍ വച്ച് ഇറക്കിവിട്ടുവെന്നും പോലീസ് കണ്ടെത്തി.
റിപബ്ലിക് ദിന ആഘോഷത്തിനിടെയാണ് വെളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. ബെംഗളൂരുവില്‍ നിന്നും മലപ്പുറം എടക്കരയില്‍ നിന്നുമാണ് ഇവരെ പിന്നീട് കണ്ടെത്തിയത്. ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഏറ്റെടുക്കുമെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഇനി ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകില്ലെന്നും ഒരുമിച്ച് പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടുവെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications