രാത്രി ചികിത്സക്കെത്തിയ വിദ്യാർത്ഥിനികളോട് ഡോക്ടർ മോശമായി പെരുമാറി എന്നാരോപണം; ഡോക്ടർക്ക് മർദ്ദനം
കോഴിക്കോട്: വിദ്യാർഥിനികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ആശുപത്രിയിൽ എത്തിയ ഒരു സംഘം വിദ്യാർഥികളാണ് ഡോക്ടറെ മർദ്ദിച്ചത്. ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ എത്തിയ വിദ്യാർഥികൾ ഡോക്ടറെ അത്യാഹിതവിഭാഗത്തിൽ നിന്ന് വലിച്ചിറക്കി അടിച്ചു എന്നാണ് പരാതി.
വ്യാഴാഴ്ച രാവിലെ അടിയന്തര ചികിത്സാവിഭാഗത്തിൽ പനിക്ക് ചികിത്സ തേടി എത്തിയ വിദ്യാർഥിനികളോട് ഈ ഡോക്ടർ മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മർദ്ദനം. അതേസമയം ഇന്നലെ വിദ്യാർഥിനികൾ ചികിത്സ കഴിഞ്ഞ് അധ്യാപകനോടൊപ്പം മടങ്ങിയെന്നും സംഭവത്തെക്കുറിച്ച് രാത്രി ഒന്നും പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഡോക്ടറും ഐ എം എയും പരാതി നൽകി. അപമര്യാദയായി പെരുമാറി എന്ന് ഡോക്ടർക്കെതിരെ വിദ്യാർത്ഥിനികളും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, തൃശൂരിൽ നിന്ന് ഇന്ന് മറ്റൊരു വാർത്ത പുറത്തുവന്നിരുന്നു.. മോഷണക്കുറ്റം ആരോപിച്ച് 15കാരന് ക്രൂരമായി മർദ്ദനത്തിനിരയാക്കിയതായാണ് വാർത്ത. സ്‌കൂൾ ബസിലെ ആയയുടെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം എന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു. തൃശൂർ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് അനാഥാലയത്തിലെ വൈദികനാണ് കുട്ടിയെ മർദ്ദിച്ചത്. വീണ്ടും മർദ്ദനം ഭയന്ന് കുട്ടി തൊട്ടടുത്തെ വീട്ടിലേക്ക് സഹായം തേടി ചെല്ലുകയായിരുന്നു. ഇന്ന് രാവിലെ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈദികനെതിരെ ഒല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications