ശുചിത്വത്തിന് രണ്ടാം സ്ഥാനം നല്‍കുന്ന നഗരസഭയുടെ നടപടി അപലപനീയം: മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: ശുചിത്വത്തിന് രണ്ടാസ്ഥാനം നല്‍കി മറ്റ് കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന കോഴിക്കോട് നഗരസഭയുടെ നടപടി അപലപനീയമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കാന്റീന് സമീപമുള്ള ഓവുചാലില്‍ നിന്നുള്ള മലിനജലം സമീപത്തെ വീടുകളിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുന്നുവെന്ന പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ നിരീക്ഷണം. മുപ്പതോളം കുടുംബങ്ങള്‍ ഇതുവഴിയുള്ള ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
കമ്മീഷന്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. സിവില്‍ സ്റ്റേഷനില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിലുള്ള കുടുംബശ്രീ കാന്റീനെതിരെയാണ് പരാതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാന്റീന് ലൈസന്‍സില്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയെങ്കിലും ജില്ലാകളക്ടറുടെ നിര്‍ദ്ദേശാനുസരണം സാവകാശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിക്കാത്തതു കാരണമാണ് കാന്റീനിന് ലൈസന്‍സ് ലഭ്യമാക്കാന്‍ കഴിയാത്തതെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
കാന്റീനില്‍ മലിനീകരണ സംസ്‌ക്കരണത്തിന് പുതിയ ടാങ്ക് നിര്‍മ്മിക്കുന്നതുവരെ മലിനജലം പമ്പു ചെയ്ത് ഒഴിവാക്കുന്നതിന് കാന്റീന്‍ സംരംഭകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കുടുംബശ്രീ മിഷന് ചുമതല നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശുചിത്വ നഗരം എന്ന് ഉദ്‌ബോധിപ്പിക്കുന്ന അധികൃതര്‍ അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
കാന്റീനിലെ മലിനജലം സംബന്ധിച്ച തര്‍ക്കം ഇതിനകംപരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ 2 മാസത്തിനുള്ളില്‍ ശാശ്വതമായ പരിഹാരം കാണണമെന്ന് കമ്മീഷന്‍ കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാഭരണകൂടം അപ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കില്‍ യാതൊരുവിധ പരിഗണനയും നല്‍കാതെ കാന്റീന്‍ അടച്ചുപൂട്ടുന്നതിന് കോഴിക്കോട് നഗരസഭാ സെക്രട്ടറി നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ജില്ലാകളക്ടറും നഗരസഭാ സെക്രട്ടറിയും സ്വീകരിച്ച നടപടികള്‍ 2 മാസത്തിനുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകനായ എ സി. ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.












Click it and Unblock the Notifications