നിയന്ത്രണങ്ങൾ ലംഘിച്ചാൽ കേസ്, വാഹനങ്ങൾ പിടിച്ചെടുക്കും; കോഴിക്കോട് നടപടി കടുപ്പിച്ച് പൊലീസ്
സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ആയിരുന്നു
കോഴിക്കോട്: കോവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുന്ന കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ. ലോക്ക്ഡൗണിന് സമാനമായ വാരാന്ത്യ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. വ്യാപര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ മാത്രമേ പ്രവർത്തിക്കൂ. അനാവശ്യമായി ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കില്ല.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. അനാവശ്യമായി സർവീസ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുാനും പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് അഞ്ച് പേരിൽ കൂടുതൽ പാടില്ല. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ആയിരുന്നു. 3767 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ 28 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. ഇതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസൗകര്യങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. കൊവിഡ് നിരക്ക് ജില്ലയില്‍ ഇനിയും കൂടുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. ജില്ലയിലെ എല്ലാ ചടങ്ങുകളും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ നടത്തിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസ്സെടുക്കും.
സംസ്ഥാനത്ത് മൊത്തം ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കെ എസ് ആർ ടി സി അറുപത് ശതമാനം സർവീസുകൾ നടത്തും. രാത്രികാല കർഫ്യൂവും നിലവിലുണ്ട്.












Click it and Unblock the Notifications