സിപിഎം പ്രവര്‍ത്തകരെ വേട്ടയാടുന്നു; കോഴിക്കോട് ഡിസിസി സംരക്ഷണം തേടി ഹൈക്കോടതിയിലേക്ക്
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ്. കോഴിക്കോട് ഡിസിസി നേതൃത്വം തന്നെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് നേതാക്കള്‍ ആരോപിക്കുന്നു. പോലീസില്‍ നിന്നും സുരക്ഷ കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. ഹൈക്കോടതിയെ സമീപിക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനമെന്ന് ജില്ലാ അധ്യക്ഷന്‍ അഡ്വ കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന ആക്രമണ ശ്രമങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ അടക്കം സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി ബോംബേറുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങളിലും ആക്രമങ്ങളുണ്ടായി. തിക്കോടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ നടുറോഡില്‍ പരസ്യമായ കൊലവിളി മുദ്രാവാക്യം മുഴക്കി. എന്നാല്‍ ഇതുവരെ പോലീസ് ഒരു കേസ് പോലും എടുത്തിട്ടില്ലെന്ന് ഡിസിസി ആരോപിക്കുന്നു. പോലീസില്‍ യാതൊരു വിശ്വാസവും ഇല്ലെന്ന് പ്രവീണ്‍ കുമാര്‍ പറയുന്നു. പയ്യോളി സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അവഹേളിച്ചു. ഈ സാഹചര്യത്തില്‍ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.
പോലീസിന്റെ പ്രവര്‍ത്തനം കൃത്യമാകാന്‍ കൂടിയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ തേടി ഹര്‍ജി സമര്‍പ്പിക്കുന്നതെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസുകാരെ മുഴുവന്‍ വീട്ടില്‍ കയറി ത ല്ലുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് കൊലവിളി പ്രസംഗവും ഇതിനിടെ നടത്തി. ഡിവൈഎഫ്‌ഐയുടെ ഇടുക്കി ജില്ലാ ട്രഷറര്‍ ബി അനൂപാണ് ഏലപ്പാറയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസുകാരെ വെല്ലുവിളിച്ച് പ്രസംഗം നടത്തിയത്. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിമാനത്തിലുണ്ടായ വധശ്രമക്കേസില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സഹയാത്രികരുടെ മൊഴി എടുത്തിട്ടുണ്ട്.
വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികള്‍ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നാം പ്രതി പതിമൂന്ന് കേസുകളില്‍ പ്രതിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് വിമാനക്കമ്പനിയായ ഇന്‍ഡിഗോയും നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ മൂന്ന് പേര്‍ പാഞ്ഞടുത്തുവെന്നും, നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.












Click it and Unblock the Notifications