കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം വ്യാഴാഴ്ച: ആരോഗ്യ പ്രവർത്തകരെ ആദരിക്കും
കോഴിക്കോട്: ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ഉദ്ഘാടനവും ഒക്ടോബർ 26ന് ഉച്ചക്ക് 2.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മെഡിക്കൽ കോളേജ് അറോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും.
മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളാവും. 2023 ഒക്ടോബർ 26ന് നിപ 'ഡബിൾ ഇൻക്യൂബേഷൻ പിരീഡ് പൂർത്തീകരിക്കുന്ന അവസരത്തിലാണ് കോഴിക്കോട് ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുകയും, പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ യോദ്ധാക്കളെ ആദരിക്കുകയും ചെയ്യുന്നത്.

കൂടാതെ നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ആരോഗ്യം, കാർഷിക വികസന ക്ഷേമം, മൃഗസംരക്ഷണം, വനം വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിൽ 2023 സെപ്റ്റംബർ 12-നാണ് നിപ് വൈറസ് ഈ വർഷം റിപ്പോർട്ട് ചെയ്തത്.
മുമ്പ് രണ്ടു തവണയും നിപയെ പ്രതിരോധിച്ച ജില്ല ഇത്തവണയും ഫലപ്രദമായി പ്രതിരോധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ വിവിധ വകുപ്പുകൾ ഒരുമിച്ചാണ് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ് എന്നിവർ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിലെ മറ്റ് മന്ത്രിമാരുടെയും, എംഎൽഎമാരുടെയും, ജനപ്രതിനിധികളുടെയും സജീവമായി സാന്നിധ്യം നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ മുതൽകൂട്ടായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് രൂപീകരിച്ച ബാലുശ്ശേരി മണ്ഡലതല സംഘാടക സമിതി യോഗം ചേർന്നു. സംഘാടക സമിതിയുടെയും ഉപസമിതികളുടെയും പ്രവർത്തനങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. നവംബർ 25 ന് വൈകുന്നേരം മൂന്ന് മണിക്കാണ് ബാലുശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ജില്ലാകലക്ടർ സ്നേഹിൽ കുമാർ സിംഗ്, നോഡൽ ഓഫീസർ ഫിനാൻഷ്യൽ അസിസ്റ്റന്റ് കെ. ജി ജയകൃഷ്ണൻ, മണ്ഡലം വികസന മിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications