കോഴിക്കോട് ട്രെയിന്‍ അക്രമം; സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല, അത് കാപ്പാട്ടെ വിദ്യാര്‍ഥി...
കോഴിക്കോട്: ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ട കേസിലെ പ്രതിയുടേതെന്ന പേരില്‍ പ്രചരിച്ച സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന് പോലീസ്. ട്രെയിനില്‍ തീവച്ച വ്യക്തി എന്ന പേരില്‍ ചില മാധ്യമങ്ങളിലടക്കം സിസിടിവി ദൃശ്യം പ്രചരിച്ചിരുന്നു. ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയാണ് അക്രമി എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യത്തില്‍ കണ്ടത് ചുവന്ന കള്ളിയിലുള്ള ഷര്‍ട്ട് ധരിച്ചയാളെയാണ്. ഇതോടെയാണ് പ്രതിയെന്ന രീതിയില്‍ പ്രചാരണം വന്നത്.
എന്നാല്‍ സിസിടിവി ദൃശ്യത്തിലുള്ള വ്യക്തിയെ തിരിച്ചറിഞ്ഞു. ഇയാള്‍ കാപ്പാട് സ്വദേശിയാണ്. വിദ്യാര്‍ഥിയാണ്. സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന് നേരത്തെ പോലീസിന് സംശയമുണ്ടായിരുന്നു. അക്രമം നടന്ന സമയവും സിസിടിവിയിലെ സമയവും തമ്മിലുള്ള അന്തരമാണ് ഈ സംശയത്തിന് ഇടയാക്കിയത്. അക്രമം നടന്ന് രണ്ട് മണിക്കൂറിന് ശേഷണുള്ള ദൃശ്യമാണ് സിസിടിവിയില്‍ പതിച്ചത്. പോലീസും നാട്ടുകാരും തടിച്ചുകൂടിയ ഘട്ടത്തില്‍ പ്രതി ഇത്തരത്തില്‍ റോഡില്‍ വരില്ലെന്ന് പോലീസ് കരുതുന്നു.

ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയെ ആണ് സിസിടിവില്‍ കണ്ടിരുന്നത്. ഇയാള്‍ ഫോണ്‍ വിളിച്ച് വരുന്നതാണ് ദൃശ്യം. അല്‍പ്പ നേരം കഴിഞ്ഞ് മറ്റൊരാള്‍ ബൈക്കിലെത്തി ഇയാളുമായി പോകുന്നതും ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ഈ ബൈക്ക് ആരുടേതാണ് എന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാപ്പാടുള്ള വിദ്യാര്‍ഥിയാണ് ദൃശ്യത്തിലുള്ളത് എന്ന് ബോധ്യമായത്.
അക്രമിയുടേത് എന്ന് കരുതുന്ന ബാഗ് പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഫോണ്‍ ഉണ്ടായിരുന്നു. ഈ ഫോണില്‍ സിം ഇല്ല. മാര്‍ച്ച് 30 വരെയാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത് എന്നു പരിശോധനയില്‍ തെളിഞ്ഞു. എങ്കിലും ഈ ഫോണ്‍ ഉപയോഗിച്ച് പ്രതിയിലേക്ക് എത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. അതേസമയം, സിസിടിവി ദൃശ്യത്തിലുള്ള വ്യക്തിയുടെ കൈവശം ഫോണുണ്ടായിരുന്നു. ബാഗുമുണ്ടായിരുന്നു. ഇതും ദൃശ്യത്തിലുള്ളത് പ്രതിയല്ല എന്ന് ബോധ്യപ്പെടാന്‍ കാരണമായി.
അതേസമയം, ട്രെയിനിലുണ്ടായിരുന്ന റാസിഖ് എന്നയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി. ഇത്ര വേഗം രേഖാചിത്രം പുറത്തുവിട്ടത് പോലീസ് ത്വരിത നടപടികള്‍ സ്വീകരിക്കുന്നു എന്നതിന് തെളിവാണ്. റാസിഖ് പ്രതിയുടെ അടുത്താണ് ഇരുന്നിരുന്നത്. പ്രതിയെ കുറിച്ച് ഇയാള്‍ പറഞ്ഞതു പ്രകാരം വരച്ചെങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മറ്റുചില യാത്രക്കാര്‍ നല്‍കിയ വിവരണം.
രേഖാചിത്രം പൂര്‍ണമായും കൃത്യമാകാന്‍ ഇടയില്ലെന്നാണ് പോലീസ് മനസിലാക്കുന്നത്. അതേസമയം, മൊബൈല്‍ ഫോണ്‍ ലഭിച്ചത് നിര്‍ണായകമായ തെളിവാണ്. ഇതില്‍ നിന്ന് ആരെയാണ് വിളിച്ചത് എന്ന് പോലീസ് പരിശോധിക്കുകയാണ്. മാര്‍ച്ച് 30 വരെ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. കോള്‍ റെക്കോര്‍ഡ് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇതോടെ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് സൂചന. ഇതര സംസ്ഥാനത്തുള്ള വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള എഴുത്ത് ബാഗില്‍ നിന്ന് ലഭിച്ച കടലാസിലുണ്ടായിരുന്നു. മറ്റു സംസ്ഥാനത്തുള്ള വ്യക്തിയാണ് പ്രതി എന്ന സംശയത്തിന് ഇതാണ് ആദ്യ കാരണം. ഫോണിലെ വിവരങ്ങള്‍ വച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. നോയിഡ സ്വദേശിയാണ് അക്രമി എന്ന രീതിയില്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications