കോഴിക്കോട് രോഗി മരിച്ച സംഭവം: ചികിത്സിച്ച വ്യാജഡോക്ടർ അറസ്റ്റിൽ, എംബിബിഎസ് പൂർത്തിയാക്കിയില്ല
കോഴിക്കോട്: കോഴിക്കോട് കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആശുപത്രിയിൽ ആർ എം ഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു എബ്രഹഹാം ലൂക്കാണ് ( 36 ) പിടിയിലായത്. ഇയാൾ എം ബി ബി എസ് പൂർത്തിയാക്കിയില്ല എന്നാണ് വിവരം. ഇയാളെ ഫറോക്ക് പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫറോക്ക് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് രാത്രി മുക്കത്തെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അതേ സമയം വ്യാജ രജിസ്റ്റർ നമ്പർ നൽകിയാണ് അബു എബ്രഹാം ലൂക്ക് ജോലി തേടിയത് എന്ന പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടയുടൻ ഇയാളെ പുറത്താക്കിയതായും ടി എം എച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കി. വ്യാജ രജിസ്റ്റർ നമ്പർ നൽകി കബളിപ്പിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

പൂച്ചേരിക്കടവ് സ്വദേസി വിനോദ് കുമാറാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23 നാണ് മരിച്ചത്. ആശുപത്രിയിലെ ആർ എം ഒ അബു എബ്രഹാം ലൂക്ക് ആയിരുന്നു വിനോദ് കുമാറിന് ചികിത്സ നൽകിയത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അബു എബ്രഹാം രക്ത പരിശോധനയും ഇ സി ജിയും നിർദ്ദേശിച്ചെങ്കിലും അര മണിക്കൂറിനകം വിനോദ് കുമാർ മരിച്ചു.
സംശയത്തെ തുടർന്ന് വിനോദ് കുമാറിന്റെ മകനും പി ജി ഡോക്ടറുമായ പി അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ 5 വർഷത്തോളമായി ആശുപത്രിയിൽ ആർ എം ഒ ആയി പ്രവർത്തിച്ച ഇയാൾ എം ബി ബി എസ് പൂർത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇയാൾക്ക് എം ബി ബി എസ് ബിരുദം ഇല്ലെന്നും ചികിത്സയിൽ പിഴവുണ്ടായെന്നും കാണിച്ച് വിനോദ് കുമാറിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ഫറോക്ക് അസി കമ്മീഷണർ എ എം സിദ്ദിഖിന് കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.


Click it and Unblock the Notifications