എല്ലാത്തിനും മുന്‍കൈ സഹോദരന്‍: പക്ഷെ ഇപ്പോള്‍ കയ്യൊഴിയുന്നു, ലക്ഷ്യം സ്വത്ത്: ഷാഫിയുടെ പുതിയ വീഡിയോ
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി ഷാമിയുടെ പുതിയ വീഡിയോ പുറത്ത്. സഹോദരന്‍ നൗഫലിനെതിരായ ആരോപണമാണ് പുതിയ വീഡിയോയിലുള്ളത്. താനും സഹോദരനും ചേർന്നാണ് എല്ലാം ചെയ്തതെങ്കിലും ഇപ്പോള്‍ തന്നെ രക്ഷിക്കാതെ തന്റെ സ്വത്തുക്കള്‍ ത്തട്ടിയെടുക്കാന്‍ ശ്രമിക്കുകയുമാണെന്നാണ് വീഡിയോയില്‍ അദ്ദേഹം ആരോപിക്കുന്നത്. സഹോദരനാണ് എല്ലാത്തിനും മുന്‍കൈ എടുത്തത്. എന്നാല്‍ ഒരു ആവശ്യം വന്നപ്പോള്‍ തന്നെ കയ്യൊഴിയുകയാണെന്നും ഷാഫി ആരോപിക്കുന്നു.
സഹോദരനെ സൂക്ഷിക്കണമെന്ന സൂചന പിതാവ് നേരത്തെ തന്നെ നല്‍കിയിരുന്നുവെന്നും ഷാഫി പറയുന്നു. എന്നാല്‍ വീഡിയോ എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷാഫിയുടെ വീഡിയോ സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയാണ് പൊലീസ്. എവിടെയാണെന്നോ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ വ്യക്തമാക്കാത്ത വീഡിയോ ആണ് ഷാഫി രണ്ട് തവണയായി പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ആദ്യ വീഡിയോ പുറത്ത് വന്നത്. 80 കോടിയുടെ രൂപയുടെ സ്വർണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ സംഘം തട്ടിക്കൊണ്ടു വന്നിരിക്കുന്നതെന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമായിരുന്നാ അദ്യ വീഡിയോയില്‍ ഷാഫി പറഞ്ഞത്.
'' 325 കിലോ സ്വര്‍ണം ഞാനും സഹോദരനും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്‌നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പോലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്...''- ഷാഫ് പറഞ്ഞു.
അതേസമയം, സൗദിയിൽ വെച്ച് ഷാഫി സ്വർണം കവർന്നെന്ന് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ സൂചന നല്‍കുന്ന വീഡിയോ കൂടി പുറത്ത് വന്നതോടെ ഈ വഴിക്ക് അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. ഷാഫി കഴിഞ്ഞ 10 വർഷത്തിനിടെ സൗദി അറേബ്യയിൽ പോയിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ അവകാശപ്പെടുന്നത്. എന്നാല്‍ ഷാഫിയുടെ സഹോദരന്‍ സൌദിയിലുണ്ട്.
ഈ മാസം ഏഴാം തീയതി രാത്രിയായിരുന്നു ഷാഫിയേയും ഭാര്യയേയും വീട്ടില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും ഷാഫിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ പൊലീസിനെതിരേയും വിമർശനം ശക്തമാണ്. അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കാസര്‍കോടുനിന്ന് കണ്ടെത്തിയതായി സംശയമുണ്ട്. ഷാഫിയേയും കൊണ്ട് സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം കർണാടകയിലേക്കും നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications