കോഴിക്കോട് വീണ്ടും അഭിമാനം: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ നഗരം
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് കോഴിക്കോട്. പട്ടികയില്‍ പത്താമതായിട്ടാണ് കോഴിക്കോടിന്റെ സ്ഥാനം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തുവിട്ട പട്ടിക പ്രകാരം കേരളത്തില്‍ നിന്നും ആദ്യ പത്തില്‍ ഇടം പിടിച്ച ഏക നഗരവും കോഴിക്കാടാണ്. 19 നഗരങ്ങളുള്ള പട്ടികയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തിറക്കിയിരിക്കുന്നത്.
നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തില്‍ എത്ര കുറ്റകൃത്യമുണ്ട് എന്നു നോക്കിയാണ് എന്‍സിആര്‍ബി പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം, മറ്റു പ്രത്യേക നിയമങ്ങള്‍ പ്രകാരമുളള കേസുകള്‍ എന്നിവയാണ് പരിഗണിക്കുക. ഈ കണക്കുകള്‍ പ്രകാരം കോഴിക്കോട് ഒരു ലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങള്‍ നടക്കുന്നതായാണ് റിപ്പോർട്ട്. നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 20 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പരിശോധിക്കുന്നത്.

റിപ്പോർട്ട് നഗരങ്ങളിലെ താമസക്കാർക്ക് സുരക്ഷിതത്വ ബോധമുളവാക്കുന്നതിന് സഹായിക്കുന്നതായി ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഫേസ്ബുക്കില്‍ കുറിച്ചു. 'ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിൽ, കോഴിക്കോടും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ(NCRB) ഏറ്റവും പുതിയ വിവരങ്ങളനുസരിച്ചു രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ പത്താം സ്ഥാനം നമ്മുടെ കോഴിക്കോടിന്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുള്ള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.' അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
'ഇത് നഗരങ്ങളിലെ താമസക്കാർക്ക് സുരക്ഷിതത്വ ബോധമുളവാക്കുന്നതിന് സഹായിക്കുന്നു. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ആദ്യ പത്തിലുള്ള ഏകനഗരവും കോഴിക്കോടാണ്.' കളക്ടർ കൂട്ടിച്ചേർത്തു. യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന ബഹുമതിക്ക് പിന്നാലെയാണ് കോഴിക്കോടിനെ തേടി മറ്റൊരു നേട്ടവും എത്തിയിരിക്കുന്നത്.
സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോല്‍സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിക്കായി യുനെസ്കോ തിരഞ്ഞെടുത്തത്. കോഴിക്കോടിന്റെ മഹത്തായ സാഹിത്യ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്താണ് പദവി നല്‍കിയത്. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് കെ എല്‍ ഫ് ഉള്‍പ്പെടേയുള്ള നിരവധി പുസ്തകോത്സവങ്ങള്‍ നടക്കുന്നതും പദവി നേടിയെടുക്കുന്നതില്‍ നിർണ്ണായകമായി. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് ആണ് സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യം നഗരം.












Click it and Unblock the Notifications