മഞ്ഞപ്പിത്തം ശ്രദ്ധിക്കണം... ആരോഗ്യ വ വകുപ്പിന്റെ മുന്നറിയിപ്പ്, കോഴിക്കോട് കൺട്രോൾ റൂം തുറന്നു!
കോഴിക്കോട്: തലക്കുളത്തൂർ പഞ്ചായത്തിലെ 10ാം വാർഡിൽ കഴിഞ്ഞ മെയ് 12ന് നടന്ന ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവരിൽ ആർക്കെങ്കിലും മഞ്ഞപ്പിത്തരോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപനത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ: 04952376063.
അന്നത്തെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണപാനീയങ്ങൾ കഴിച്ചവർക്ക് കണ്ണിനും മൂത്രത്തിനും മഞ്ഞനിറം, പനി, വിശപ്പില്ലായ്മ, ഛർദ്ദിൽ, എന്നീ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സർക്കാർ ആശുപത്രികളിൽ എത്തി പരിശോധനയ്ക്ക് വിധേയരാകണം.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും രോഗം വരണമെന്നില്ല. സാധാരണ ഈ അസുഖത്തിന്റെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 10 മുതൽ 50 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗലക്ഷണം എത്രയും നേരത്തേ കണ്ടെത്തുകയാണ് പ്രധാനം. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നും കൊഴുപ്പു കുറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണവും, നിർദ്ദേശിക്കപ്പെടുന്ന കാലം വരെ കഴിച്ചാൽ രോഗം ഗുരുതരമാകാതിരിക്കാനും ഭേദമാകാനും സഹായിക്കുമെന്നും ഇക്കാര്യം രോഗികളും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണമെന്നും ഡിഎംഒ വി ജയശ്രീ അറിയിച്ചു.












Click it and Unblock the Notifications