തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭയിലെ വോട്ടർപട്ടിക ഉപയോഗിക്കണം: ആവശ്യവുമായി കോഴിക്കോട്ടെ ലീഗ്
കോഴിക്കോട്: അടുത്ത വർഷം നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കണെന്ന് കോഴിക്കോട് ജില്ലയിലെ ലീഗ് നേതൃത്വം. ഇതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകൊള്ളണമെന്നും മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി പി എ അസീസ് പറഞ്ഞു.
ലോകസഭാ വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്തവരെ വീണ്ടും ചേര്‍ക്കുന്നതും, വിചാരണക്ക് നേരിട്ട് ഹാജരാക്കുന്നതും പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് മികച്ച രീതിയില്‍ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ വോട്ടർ പട്ടിക തുടരുന്നത് മേല്‍പ്പഞ്ഞ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറയുന്നു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വോട്ടൊരുക്കം ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി എ അസീസ്.

അതേസമയം, സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടർപട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിയമസഭ, ലോക്സഭ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടർ പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടർ പട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
പുതുതായി പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകന്റെ മൊബൈൽ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ നൽകേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാർഡ് , പോളിംഗ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽകണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിംഗ് വേളയിൽ നേരിട്ട് നൽകാവുന്നതാണ്.
അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ അപേക്ഷകൻ ആവശ്യമായ രേഖകൾസഹിതം ഹീയറിംഗിന്ഹാജരാകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുന്ന കേസുകളിൽ രേഖകൾ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോക്കോൾ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.
പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനിൽ രജിസ്റ്റർ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെയും അവ നിർദ്ദിഷ്ട ഫാറത്തിൽ നേരിട്ട് നൽകാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ്.












Click it and Unblock the Notifications